OpenZone Banner

Last Updated on 16 Jun 2026 • 4:34 PM by Openzone Online

Advertisement

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പ്ലസ്ടു വിദ്യാർഥിനിയെ കഴുത്തിലും മുഖത്തും കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ സ്വദേശി സഹദ് (21) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വലയിലായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കന്യാകുളങ്ങരയിൽ പെൺകുട്ടിയുടെ വീടിന് സമീപത്തായിരുന്നു സംഭവം. നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ പ്ലസ്ടു വിദ്യാർഥിനിയായ 16-കാരി ടെക്സ്റ്റ് ബുക്ക് വാങ്ങുന്നതിനായി വീടിന് പുറത്തിറങ്ങിയപ്പോഴാണ് പ്രതി ആക്രമണം നടത്തിയത്. സ്ഥലത്ത് കാറിലെത്തിയ സഹദ്, പെൺകുട്ടി പുറത്തിറങ്ങുന്നത് വരെ കാത്തുനിന്ന ശേഷം ആളൊഴിഞ്ഞ ഭാഗത്ത് വച്ച് കഴുത്തിലും മുഖത്തും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇടവഴിയിലൂടെ ഓടി രക്ഷപ്പെടുകയും ചോര വാർന്ന നിലയിൽ ഓടുന്നത് കണ്ട നാട്ടുകാർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. കഴുത്തിന് പിന്നിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്നാണ് വിവരം.

കൃത്യം നടത്തിയ ശേഷം കാറിൽ രക്ഷപ്പെട്ട പ്രതി അമിതവേഗത്തിൽ വാഹനമോടിക്കുന്നതിനിടെ എതിർദിശയിൽ വന്ന വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചതായും പോലീസ് പറഞ്ഞു. തുടർന്ന് കാർ ഉപേക്ഷിച്ച് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബന്ധുവിനൊപ്പം ഒളിവിൽ പോകാൻ ശ്രമിച്ചെങ്കിലും വട്ടപ്പാറ പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഇയാൾ പിടിയിലായി.

പ്രതി പലതവണ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നുവെന്നും അത് നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed