Last Updated on 11 Sep 2026 • 8:10 AM by Openzone Online

ചെറുതോണി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് പുതിയ വൈദ്യുതി കരാറിന്റെ പേരിൽ കമ്മീഷൻ അടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം.എം. മണി ആരോപിച്ചു.
ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ ഇപ്പോഴും അവസരമുണ്ടെന്നും, എന്നാൽ അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ അധികാരത്തിൽ തുടരുന്നതിൽ അർഥമില്ലെന്നും രാജിവെച്ച് ഒഴിയണമെന്നും എം.എം. മണി ആവശ്യപ്പെട്ടു.
നിലവിലെ ഭരണസംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ ഭരണം ഗവർണറെ ഏൽപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതി മേഖലയിൽ ദീർഘകാല ആവശ്യങ്ങൾ മുന്നിൽക്കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് ഇന്നത്തെ പ്രതിസന്ധിക്ക് വഴിവെച്ചതെന്നും എം.എം. മണി ചെറുതോണിയിൽ പറഞ്ഞു.

