Last Updated on 22 Jun 2026 • 4:06 PM by Openzone Online

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പത്ത് വർഷം മുൻപ് കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടേതാണെന്ന സംശയം ശക്തമാകുന്നു. ഇതോടെ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ആർഡിഒയുടെ അനുമതി ലഭിച്ചാൽ നാളെ കല്ലറ തുറന്ന് വിശദ പരിശോധന നടത്തും. അതുവരെ സെമിത്തേരിയിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ സംസ്കരിച്ച മൃതദേഹത്തിന് സമീപം പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹമെന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയതാണ് കേസിന് വഴിത്തിരിവായത്. ക്രിസ്തീയ ആചാരപ്രകാരം ഇത്തരത്തിൽ മൃതദേഹം സംസ്കരിക്കുന്ന പതിവില്ലാത്തതിനാൽ സംഭവം വലിയ ദുരൂഹതയ്ക്ക് ഇടയാക്കി.
സംഭവം പുറംലോകം അറിഞ്ഞതോടെ ചിലർ പള്ളി അധികൃതർക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ദുരൂഹ വസ്തു കണ്ടെത്തിയ ഉടൻ തന്നെ പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ കരിക്കോട്ടക്കരി പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും അന്വേഷണം രഹസ്യമായി പുരോഗമിക്കുന്ന ഘട്ടത്തിലായിരുന്നു സംഭവവികാസങ്ങൾ പുറത്തുവന്നതെന്നും പള്ളി അധികൃതർ വ്യക്തമാക്കി. സമീപവാസിയായ ജിൽസ് ഉണ്ണിമാക്കൽ ആണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തുടർന്ന് സംഭവം വ്യാപകമായി ചർച്ചയാകുകയും കൂടുതൽ സംശയങ്ങൾ ഉയരുകയും ചെയ്തു. 2014-ൽ വീട്ടുകാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയോടൊപ്പം ഭാര്യവീടായ വാണിയപ്പാറയിലേക്ക് പോയ സിജോ സ്‌കറിയ പിന്നീട് മാതാപിതാക്കളുമായോ ബന്ധുക്കളുമായോ ബന്ധപ്പെടാതെയായി. എന്നാൽ 2020-ലാണ് സിജോയെ ഭാര്യവീട്ടിൽ നിന്നും കാണാതായ വിവരം കുടുംബം യാദൃശ്ചികമായി അറിയുന്നത്. തുടർന്ന് നൽകിയ പരാതിയിൽ വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല. ഇപ്പോൾ സെമിത്തേരിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം സിജോയുടേതാണോയെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഇതുസംബന്ധിച്ച് സിജോയുടെ മാതാപിതാക്കൾ സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.അതേസമയം, കല്ലറയിലെ നമ്പർ മാറ്റിയ സംഭവവും മൂന്നാമതൊരു മൃതദേഹം കൂടി കല്ലറയിൽ ഉണ്ടായിരിക്കാമെന്ന സംശയവും കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകളുടെയും ഡിഎൻഎ ഫലങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുവരിക.
