OpenZone Banner

Last Updated on 10 Sep 2026 • 1:06 AM by Openzone Online

Advertisement

തിരുനാവായ: ജിന്ന് മന്ത്രിച്ചൂതിയതാണെന്ന് അവകാശപ്പെട്ട് ഏത്തപ്പഴം വരെ ലേലം വിളിച്ച് ആളുകൾക്ക് നൽകി പണം തട്ടിയെന്ന ആരോപണം നേരിടുന്ന വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. തിരുനാവായ കൊടയ്ക്കലിൽ പ്രവർത്തിച്ചിരുന്ന ജിൻ മഹർ എന്ന സ്ഥാപനത്തിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്.

രോഗശാന്തിയും ജിന്നിന്റെ ഉപദ്രവത്തിൽനിന്ന് മോചനവും വാഗ്ദാനം ചെയ്തായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. ഒരു ഏത്തപ്പഴത്തിന് തന്നെ ആയിരം മുതൽ 2500 രൂപ വരെ ലേലം വിളിച്ച് വിറ്റു കൊണ്ടായിരുന്നു തട്ടിപ്പ്.

മൈക്കിലൂടെ അറബിയും ഉറുദുവും സംസാരിപ്പിക്കുകയും മുഖംമൂടി ധരിച്ച ഒരാളെ ജിന്നായി അവതരിപ്പിക്കുകയും ചെയ്തായിരുന്നു ആളുകളിൽ വിശ്വാസവും ഭീതിയും സൃഷ്ടിച്ചിരുന്നത്. പിന്നീട് ജിന്ന് മന്ത്രിച്ചൂതിയതെന്ന് വിശ്വസിപ്പിച്ച പഴം രോഗികൾക്ക് നൽകുകയായിരുന്നു.

എന്നാൽ സോഷ്യൽ മീഡിയയിലൂടെ ഈ അദ്ഭുത വിദ്യയുടെ രഹസ്യം പുറത്തുവന്നതോടെ തട്ടിപ്പ് പൊളിയുകയായിരുന്നു. പഴത്തിന്റെ തൊലി കളയാതെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം രണ്ടായി മുറിച്ചുവെക്കുന്ന സാധാരണ മാജിക് വിദ്യയാണ് ഇവിടെ അദ്ഭുത സിദ്ധിയായി അവതരിപ്പിച്ചതെന്നാണ് പുറത്തുവന്നത്.

ഇതോടെ നാട്ടുകാർ നേരിട്ട് പരീക്ഷണം നടത്താനും തീരുമാനിച്ചു. പരിപാടിയിൽ കാണിച്ച അതേ രീതിയിൽ പഴം മുറിച്ചുകാണിക്കാൻ ഇയാൾക്ക് നാട്ടുകാർ പഴം നൽകി ആവശ്യപ്പെട്ടു. എന്നാൽ, മാജിക് വിദ്യയുടെ രഹസ്യം വെളിപ്പെടുത്തിയതിന് പിന്നാലെ അതേ രീതിയിൽ പഴം മുറിച്ചുകാണിക്കാൻ ഇയാൾക്ക് സാധിച്ചില്ല.

ഇതാദ്യമായല്ല ഇയാൾ ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. വിവിധ സ്ഥലങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടത്തിയ ശേഷമാണ് തിരുനാവായയിൽ അക്യുപഞ്ചർ ചികിത്സ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചതെന്നും തുടർന്ന് പുതിയ രീതിയിലുള്ള തട്ടിപ്പുകൾ നടത്താൻ തുടങ്ങിയതെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്ത് സ്വാധീനം ഉറപ്പിക്കുന്നതിനും നാട്ടുകാരുടെ വിശ്വാസം നേടിയെടുക്കുന്നതിനുമായി വിശേഷ ദിവസങ്ങളിൽ അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തിരുന്നതായും ആരോപണമുണ്ട്.

ഇതിലൂടെ സ്ഥാപനത്തിന് പ്രദേശവാസികൾക്കിടയിൽ സ്വീകാര്യത ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വ്യാജ ചികിത്സ നടത്തിയിരുന്ന അബു അലവി, സ്ഥാപന ഉടമ ജമാലുദ്ദീൻ, ജിന്നിന്റെ വേഷമിട്ടയാൾ എന്നിവരുൾപ്പെടെ മൂന്ന് പേരാണ് തട്ടിപ്പിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.

നാലുമാസം മുൻപാണ് സ്ഥാപനം തിരുനാവായയിൽ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമായിരുന്നു പ്രവർത്തനം. എന്നാൽ അദ്ഭുത രോഗശാന്തിയുടെ പ്രചാരണം ശക്തമായതോടെ സ്ഥാപനത്തിലേക്ക് വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. സോഷ്യൽ മീഡിയയിൽ തട്ടിപ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നാട്ടുകാർക്ക് സംശയം ശക്തമായത്. തുടർന്ന് സംഘടിച്ചെത്തിയ നാട്ടുകാർ സ്ഥാപനത്തിന്റെ പ്രവർത്തനം തടയുകയും കേന്ദ്രം പൂട്ടി താക്കോൽ കൈവശപ്പെടുത്തുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ തിരുനാവായ പൊലീസിലും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.ജിന്നിന്റെ പേരിൽ മന്ത്രിച്ചൂതിയ പഴം, മുഖംമൂടിയണിഞ്ഞ ജിന്ന്, സ്പീക്കറിലൂടെ അറബിയും ഉറുദുവും, ഒടുവിൽ നാട്ടുകാരുടെ മുന്നിൽ പഴം മുറിക്കാനാകാതെ വന്നതോടെ പൊളിഞ്ഞ മാജിക്—വിശ്വാസത്തെ ചൂഷണം ചെയ്ത് തട്ടിപ്പ് നടത്താനുള്ള പുതിയ വഴികൾ തേടുന്നവർക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പ് കൂടിയാണ് തിരുനാവായയിലെ സംഭവം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed