Last Updated on 12 Jun 2026 • 3:34 PM by Openzone Online

തൊടുപുഴ: വാടകവീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.610 ഗ്രാം എംഡിഎംഎയുമായി തൊടുപുഴ സ്വദേശിയെ കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കാഞ്ഞിരമറ്റം കരയിൽ മുതലിയാർമഠം ഭാഗത്ത് പള്ളിപ്പാട്ട് വീട്ടിൽ ശ്രീകുമാർ എസ് (45) ആണ് പിടിയിലായത്.സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി ജൂൺ 12-ന് കരിങ്കുന്നം പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരിങ്കുന്നത്ത് വാടകയ്ക്ക് താമസിച്ചുവന്നിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.610 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു.ലഹരിമരുന്ന് കടത്ത്, സംഭരണം, വിൽപ്പന എന്നിവക്കെതിരെ ജില്ലയിൽ പോലീസ് ശക്തമായ പരിശോധനകളും നിരീക്ഷണവും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. യുവാക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി ശൃംഖലകളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും പോലീസ് വ്യക്തമാക്കി.
ലഹരി വ്യാപാരത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ രഹസ്യമായി പോലീസിനെ അറിയിക്കണമെന്നും, വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.
കരിങ്കുന്നം പോലീസ് ഇൻസ്പെക്ടർ മഹേഷ്പിള്ള ബി.യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രാജേഷ് പി.ജി., അരുൺ സി. ഗോവിന്ദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അനിൽ കെ.പി., മജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാം, സിവിൽ പോലീസ് ഓഫീസർമാരായ സുനീഷ്, അഞ്ജന എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
