Last Updated on 12 Sep 2026 • 6:48 AM by Openzone Online

ചെറുതോണി:വാഴത്തോപ്പിലെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന തണൽ കർഷകസംഘം ചെണ്ടുമല്ലി കൃഷി നടത്തുകയും അത് പൂർണമായി വിജയിപ്പിക്കുകയും ചെയ്തിരുന്നു. വിവിധതരത്തിലുള്ള കാർഷിക പരീക്ഷണങ്ങൾ നടത്തി വിജയിച്ച സംഘം വാഴ വിത്ത് വില്പനയുമായിട്ടാണ് ഇപ്പോൾ രംഗത്തെത്തിയത്.
കാർഷിക മേഖലയിൽ കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിവിധയിനം വാഴവിത്തുകൾ ലഭ്യമാക്കുന്നതിനായി വാഴത്തോപ്പ് തണൽ കർഷക സംഘം നേതൃത്വത്തിൽ വാഴത്തോപ്പ് കേന്ദ്രീകരിച്ച് വാഴവിത്ത് വിപണി ആരംഭിച്ചു.
ഏത്തവാഴ, ഞാലിപ്പൂവൻ, റോബസ്റ്റ, പാളയങ്കോടൻ തുടങ്ങിയ വിവിധയിനം വാഴവിത്തുകളാണ് വിതരണം ചെയ്യുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന തണൽ കർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിജു നീള പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
സംഘം പ്രസിഡണ്ട് ബാബു ചേറ്റാനിയിൽ അധ്യക്ഷത വഹിച്ചു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ഷോബി ജയ്സൺ നിർവഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് അംഗം സിബി മത്തായി, കൃഷി ഓഫീസർ ശ്രുതി കെ തുടങ്ങിയവർ സംസാരിച്ചു.

