Last Updated on 05 Sep 2026 • 3:14 AM by Openzone Online

കൊച്ചി: മരുമകളുടെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്നെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ തടയുന്നതിനിടെ വയോധികന്റെ വിരൽ കടിച്ചുമുറിച്ച് അക്രമി രക്ഷപ്പെട്ടു. ഏലൂർ പാതാളം സ്വദേശി കേച്ചേരി വീട്ടിൽ സലീമിനാണ് (60) പരുക്കേറ്റത്. മുൻ ചുമട്ടുതൊഴിലാളിയായ സലീമിന്റെ വലതുകൈയിലെ തള്ളവിരലിന്റെ മുകൾഭാഗമാണ് അക്രമി കടിച്ചുമുറിച്ചത്.
രാത്രി 8.15-ഓടെയാണ് പാതാളത്തെ സലീമിന്റെ വീടിന് സമീപം സംഭവം. വീട്ടിൽ കുടിവെള്ളം കുറവായിരുന്നതിനാൽ സലീമിന്റെ മകന്റെ ഭാര്യ എതിർവശത്തെ പൊതുടാപ്പിൽ നിന്ന് വെള്ളമെടുക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. വെള്ളമെടുക്കാനെന്ന വ്യാജേന കാനുമായി എത്തിയ അക്രമി യുവതിയുടെ കഴുത്തിലെ സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് സലീം ഓടിയെത്തി മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ ഇരുവരും തമ്മിൽ പിടിവലി ഉണ്ടായി. സലീമിന്റെ വലതുകൈ അക്രമിയുടെ വായിൽപ്പെട്ടതോടെ ഇയാൾ തള്ളവിരലിന്റെ മുകൾഭാഗം ശക്തമായി കടിച്ചുമുറിച്ചു. തുടർന്ന് സലീമിനെ തള്ളിമാറ്റി അക്രമി ഓടി രക്ഷപ്പെട്ടു.
നാട്ടുകാർ നടത്തിയ തിരച്ചിലിൽ അറ്റുപോയ വിരലിന്റെ ഭാഗം പിന്നീട് കണ്ടെത്തിയെങ്കിലും ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ വിരൽ തുന്നിച്ചേർക്കാനായില്ല. തുടർന്ന് കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സലീമിന് പ്ലാസ്റ്റിക് സർജറി നടത്തി.
വയറിൽ നിന്നെടുത്ത കോശങ്ങൾ ഉപയോഗിച്ചാണ് വിരലിൽ ശസ്ത്രക്രിയ നടത്തിയത്. മുറിവ് ഉണങ്ങുന്നതിനായി മൂന്നാഴ്ചത്തേക്ക് കൈ വയറിനോട് ചേർത്ത് തുന്നിച്ചേർത്തിരിക്കുകയാണ്.സംഭവത്തിൽ ഏലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അക്രമി ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തതിനാൽ പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഏലൂരിലെ വ്യാവസായിക മേഖലയിലെ തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

