Last Updated on 04 Sep 2026 • 1:11 AM by Openzone Online

കരിപ്പൂർ: ഭാര്യമാരെയും മക്കളെയും സ്വർണക്കടത്ത് കാരിയർമാരാക്കി വിദേശത്തുനിന്ന് സ്വർണം കടത്തിയെന്ന സംശയത്തിൽ പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖ് ഡി.ആർ.ഐയുടെ പിടിയിൽ. നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന സംശയവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഭാര്യയുടെ സാനിറ്ററി നാപ്കിനിലും എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിലും സ്വർണം ഒളിപ്പിച്ചാണ് സംഘം കടത്തിന് പുതിയ തന്ത്രം പരീക്ഷിച്ചത്.
റാസൽഖൈമയിൽ നിന്ന് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ 34കാരനായ ഫാറൂഖിനെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ സംഘം കസ്റ്റഡിയിലെടുത്തത്. കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബസ്ഥനെന്ന പരിഗണനയിൽ പരിശോധനയിൽ നിന്ന് രക്ഷപ്പെടാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇയാളെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച സ്വർണമിശ്രിതം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫാറൂഖിന്റെ ശരീരത്തിലും പരിശോധന നടത്തിയതോടെ കൂടുതൽ സ്വർണം കണ്ടെത്തി. കുഞ്ഞിനെയും പിതാവിനെയും പരിശോധിച്ചതിൽ നിന്ന് ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമിശ്രിതമാണ് പിടികൂടിയതെന്നാണ് വിവരം.

ഫാറൂഖിനെ ചോദ്യം ചെയ്തതോടെ സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതായാണ് സൂചന. ഭാര്യമാരെയും മക്കളെയും ഉൾപ്പെടെ കുടുംബാംഗങ്ങളെ തന്നെ കാരിയർമാരാക്കി വിദേശത്തുനിന്ന് സ്വർണം എത്തിക്കുന്ന രീതിയായിരുന്നു ഇയാൾ പിന്തുടർന്നിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇതിനിടെയാണ് ഫാറൂഖിന്റെ ഭാര്യ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ സംഭവവും അന്വേഷണത്തിൽ നിർണായകമായത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന 1.78 കിലോഗ്രാം സ്വർണം സാനിറ്ററി നാപ്കിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിലാണ് ഇവരെ ഡി.ആർ.ഐ പിടികൂടിയത്. സ്വർണം കടത്താനുള്ള ക്രമീകരണങ്ങളെല്ലാം ഭർത്താവാണ് ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ ഇവർ മൊഴി നൽകിയതായാണ് വിവരം.
നെടുമ്പാശേരിയിലെ സംഭവത്തിന് പിന്നാലെ ഫാറൂഖിന്റെ നീക്കങ്ങൾ ഡി.ആർ.ഐ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മൂന്ന് മക്കളുമായി റാസൽഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയപ്പോൾ ഇയാൾ പിടിയിലായത്.ഫാറൂഖ് നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന സംശയവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
മറ്റ് ഭാര്യമാരെയും കുടുംബാംഗങ്ങളെയും സ്വർണക്കടത്തിനായി ഉപയോഗിച്ചിട്ടുണ്ടോയെന്നും അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിക്കുന്നത്. ഭാര്യയുടെ സാനിറ്ററി നാപ്കിനിൽ സ്വർണം, കുഞ്ഞിന്റെ ഡയപ്പറിലും സ്വർണം — കുടുംബത്തെ മുഴുവൻ കാരിയർമാരാക്കി നടത്തിയ സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്ന ശൃംഖലയുടെ കൂടുതൽ കണ്ണികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡി.ആർ.ഐ.

