Last Updated on 05 Sep 2026 • 3:05 PM by Openzone Online

കൊച്ചി: കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന പ്രവാസി മലയാളിക്കും കുടുംബത്തിനും നേരെ നടുറോഡിൽ അസഭ്യവർഷവും വധഭീഷണിയും മുഴക്കിയ സ്വകാര്യ ബസ് ക്ലീനർ അറസ്റ്റിൽ. പള്ളുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി അൻസാർ (27) ആണ് എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചു. എ.എസ്.ഐ. സുനിലിന്റെ മുഖത്താണ് പരിക്കേറ്റത്. ഓഗസ്റ്റ് ഒൻപതിന് ഉച്ചയ്ക്ക് 3.33-ഓടെയാണ് കേസിനാസ്പദമായ സംഭവം. കലൂരിന് സമീപം മെട്രോ പില്ലർ P581ന് അടുത്തുവെച്ച് ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഷാജി ജോസും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് സമീപത്തേക്ക് അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് തൊട്ടുരുമ്മി കടന്നുപോയി. പിന്നീട് നടുറോഡിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തത് ഷാജി ജോസ് ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതനായ അൻസാർ കാറിന്റെ ബോണറ്റിൽ ശക്തമായി അടിക്കുകയും വാഹനത്തിന്റെ വാതിൽ ബലമായി തുറന്ന് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.

വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ ഇയാൾ റോഡിൽ നിന്ന് കുടുംബത്തിന് നേരെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തു. ഭയന്ന കുടുംബം ഉടൻ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ബസ് ജീവനക്കാരന്റെ അതിക്രമത്തെ തുടർന്ന് പ്രദേശത്ത് ഏകദേശം 15 മിനിറ്റോളം ഗതാഗതവും തടസ്സപ്പെട്ടു.
ഒടുവിൽ സ്ഥലത്തുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ ഇടപെട്ടാണ് ഇയാളെ അവിടെനിന്ന് മാറ്റിയത്.ഇതിനിടെ ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായിരുന്നതിനാൽ ഷാജി ജോസ് ഇ-മെയിൽ വഴിയാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് വീണ്ടും അൻസാർ ആക്രമണം നടത്തിയത്.

പോലീസിനെ പ്രതിരോധിക്കുന്നതിനിടെ എ.എസ്.ഐ. സുനിലിന്റെ മുഖത്ത് പരിക്കേറ്റു. തുടർന്ന് പോലീസ് സംഘം സാഹസികമായി അൻസാറിനെ കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.അൻസാർ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിലും സ്വകാര്യ ബസുകളിലും യാത്രക്കാരുടെ സാധനങ്ങൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി അന്വേഷണം തുടരുകയാണ്

