Last Updated on 06 Sep 2026 • 12:52 PM by Openzone Online

കൊച്ചി: പ്രവാസി കുടുംബം സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾക്ക് പോലീസ് സംരക്ഷണം നൽകിയെന്ന ഗുരുതര ആരോപണം. കേരള പോലീസ് ആക്ടിലെ 117(e) മാത്രം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായാണ് ആരോപണം. സംഭവത്തിൽ പോലീസിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമായതായും സൂചന.
കണ്ണൂർ സ്വദേശിയും കൊച്ചിയിൽ സ്ഥിരതാമസമാക്കി സ്വകാര്യ ബസുകളിൽ ക്ലീനറായി ജോലി ചെയ്യുന്നതുമായ അൻസാറിനെതിരെയാണ് ആരോപണം. ഇയാളുമായി ബന്ധപ്പെട്ട വീഡിയോ ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പ്രവാസി കുടുംബത്തെ കാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിവരങ്ങൾ അന്വേഷിക്കാനെത്തിയ എ.എസ്.ഐ സുനിൽ പി.യെ ഇയാൾ ആക്രമിച്ച് മുഖത്ത് പരിക്കേൽപ്പിച്ചതായും മൂക്കിന് പരിക്കേറ്റതായും ആരോപണമുണ്ട്.
സംഭവത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും, ഗുരുതരമായ ആക്രമണത്തിന് അനുയോജ്യമായ വകുപ്പുകൾക്ക് പകരം സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കേരള പോലീസ് ആക്ട് 117(e) മാത്രം ചുമത്തി വിട്ടയച്ചതായാണ് ഉയരുന്ന പ്രധാന ആരോപണം. ഇതിനെതിരെ പോലീസ് ഡിപ്പാർട്ട്മെന്റിനുള്ളിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നതായും അറിയുന്നു.കൊച്ചിയിലെ സ്വകാര്യ ബസ് മേഖലയിൽ ചില ഗുണ്ടാസംഘങ്ങൾക്ക് സ്വാധീനമുണ്ടെന്നും, ബസ് മേഖലയിലെ തർക്കങ്ങളിൽ മറ്റുള്ളവരെ അടിച്ചൊതുക്കുന്നതിനായി ഇത്തരം ക്രിമിനൽ സംഘങ്ങളെ ചിലർ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള ആരോപണങ്ങൾ നേരത്തെയും ഉയർന്നിട്ടുണ്ട്.

ഇപ്പോഴത്തെ സംഭവം ഈ ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണെന്ന വിമർശനവും ഉയരുന്നു.സാധാരണക്കാരായ ആളുകൾ പോലീസിനോട് തർക്കിക്കുകയോ ഉദ്യോഗസ്ഥരുടെ നടപടികളെ ചോദ്യം ചെയ്യുകയോ ചെയ്താൽ പോലും ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുന്ന പോലീസ്, പോലീസ് ഉദ്യോഗസ്ഥനെ തന്നെ ആക്രമിച്ചെന്ന ആരോപണം നേരിടുന്നയാൾക്കെതിരെ ലഘുവായ വകുപ്പ് മാത്രം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.
സംഭവത്തിൽ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കിയതിനു പിന്നിൽ ആരുടെയെങ്കിലും ഇടപെടലുണ്ടായിരുന്നോ, സ്വകാര്യ ബസ് മേഖലയിലെ സ്വാധീനമുള്ള സംഘങ്ങൾക്ക് പോലീസിലെ ചിലരുടെ പിന്തുണയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.അതേസമയം, സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതടക്കമുള്ള ആരോപണങ്ങളിൽ നിയമാനുസൃതമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.

