Last Updated on 04 Jul 2026 • 2:03 PM by Openzone Online

ചെറുതോണി: വൈകിട്ട് അഞ്ച് മണിയോടെയാണ് ചെറുതോണി–അടിമാലി റോഡിലെ വഞ്ചിക്കവലയിൽ തേജസ് ഓഡിറ്റോറിയത്തിന് മുൻവശത്ത് കമുക് മരം ഒടിഞ്ഞുവീണ് അപകടമുണ്ടായത്. റോഡിലേക്ക് കമുക് വീഴുന്നത് കണ്ട് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കൾ വാഹനം പെട്ടെന്ന് നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. കമുക് നേരിട്ട് സ്കൂട്ടറിന് മുകളിലേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

മരം റോഡിലേക്ക് വീണതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടു. തുടർന്ന് നാട്ടുകാർ ചേർന്ന് കമുക് മുറിച്ചുമാറ്റി റോഡരികിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിന് പിന്നാലെ റോഡരികിലെ അപകടഭീഷണിയായ മരങ്ങൾ ഉടൻ കണ്ടെത്തി മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഏലപ്പാറ ചെമ്മണ്ണിൽ ബൈക്ക് യാത്രികന്റെ മേൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടത്. അതേ സമയം ചെറുതോണി–അടിമാലി റോഡിൽ തടിയമ്പാട് വരെയുള്ള ഭാഗങ്ങളിൽ നിരവധി മരങ്ങൾ റോഡിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസവും പള്ളിക്കവല പെട്രോൾ പമ്പിന് മുൻവശത്ത് മരം റോഡിലേക്ക് വീണിരുന്നു.

സംസ്ഥാനപാതകളും ദേശീയപാതകളും ഗ്രാമീണ റോഡുകളും ഉൾപ്പെടെ പല സ്ഥലങ്ങളിലും അപകടഭീഷണിയുള്ള മരങ്ങൾ നിലനിൽക്കുന്നതിനാൽ യാത്രക്കാർ ആശങ്കയിലാണ്. അപകടങ്ങൾ ആവർത്തിച്ചിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ വീഴ്ച വരുത്തുകയാണെന്ന ആക്ഷേപവും ശക്തമാണ്.
റോഡരികിലെ മരങ്ങളുടെ പരിപാലനത്തിന്റെ ഉത്തരവാദിത്വം റോഡിന്റെ ഉടമസ്ഥത അനുസരിച്ചാണ്. ദേശീയപാതകളിൽ ബന്ധപ്പെട്ട ദേശീയപാത അതോറിറ്റിക്കും, സംസ്ഥാനപാതകളിൽ പൊതുമരാമത്ത് വകുപ്പിനും, ഗ്രാമീണ റോഡുകളിൽ തദ്ദേശസ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട അധികൃതർക്കുമാണ് സുരക്ഷ ഉറപ്പാക്കേണ്ട ചുമതല. അതേസമയം സ്വകാര്യഭൂമിയിലുള്ള മരങ്ങൾ പൊതുജനങ്ങൾക്ക് അപകടഭീഷണിയാകുന്ന സാഹചര്യത്തിൽ അവ മുറിച്ചുമാറ്റുകയോ സുരക്ഷിതമാക്കുകയോ ചെയ്യേണ്ട ബാധ്യത ഭൂവുടമയ്ക്കുമുണ്ട്.
അപകടഭീഷണി നിലനിൽക്കുന്നതായി അധികൃതർ അറിയിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നതിന്റെ ഫലമായി ജീവഹാനിയോ ഗുരുതര അപകടമോ സംഭവിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും അനാസ്ഥ തെളിഞ്ഞാൽ നിയമനടപടികൾ സ്വീകരിക്കാവുന്നതാണ്. സ്വകാര്യഭൂമിയിലെ അപകടമരങ്ങൾ നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഭൂവുടമകൾക്കെതിരെയും നിലവിലുള്ള നിയമങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് സാധിക്കും.
ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കൊപ്പം സ്വകാര്യ വ്യക്തികളും തങ്ങളുടെ സ്ഥലങ്ങളിലുള്ള അപകടാവസ്ഥയിലുള്ള മരങ്ങൾ സമയബന്ധിതമായി മുറിച്ചുമാറ്റാൻ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം ഇത്തരത്തിലുള്ള അപകടങ്ങൾ ഇനിയും ആവർത്തിക്കുമെന്നും പൊതുപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
