Last Updated on 06 Jul 2026 • 2:26 PM by Openzone Online

ചെറുതോണി: സംസ്ഥാനത്തെ മറ്റ് 13 ജില്ലകൾക്കും ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇടുക്കി ജില്ലയ്ക്കും ഉറപ്പാക്കുമെന്നും, ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയെന്നതാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്റെ പ്രഥമ ഉത്തരവാദിത്വമെന്നും റോയി കെ. പൗലോസ് എംഎൽഎ പറഞ്ഞു. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായ ഭൂപ്രശ്ന പരിഹാരത്തിനായി അവസാന നിമിഷം വരെ പരിശ്രമിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. സ്വന്തം കിടപ്പാടത്തിന്റെയും കൃഷിഭൂമിയുടെയും ഉടമസ്ഥാവകാശവും അതിന്മേലുള്ള അധികാരവും ഉറപ്പാക്കുക എന്നത് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയോട് ദീർഘകാലമായി അവഗണനയാണ് തുടരുന്നത്. സംസ്ഥാനത്തെ മറ്റ് 13 ജില്ലകൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും വികസന സാധ്യതകളും ഇടുക്കിക്കും ലഭ്യമാക്കാൻ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും റോയി കെ. പൗലോസ് പറഞ്ഞു. സ്കൂൾ മാനേജർ ഫാ. ടോമി ലൂക്ക ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജിജോ ജോർജ്, പി.ടി.എ പ്രസിഡന്റ് ജോളി ജോൺ ആലപ്പുരയ്ക്കൽ, ഹെഡ്മിസ്ട്രസ് അർച്ചന തോമസ്, എം.പി.ടി.എ പ്രസിഡന്റ് സോണിയ ബിനോജ് എന്നിവർ സംസാരിച്ചു. സ്വപ്ന ജോർജ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ നയിച്ചു. പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
