Last Updated on 02 Jul 2026 • 2:27 AM by Openzone Online
കഴിഞ്ഞമാസം ഉച്ചയോടു കൂടിയാണ് റെജിയുടെ വീട് തകർത്ത അപകടം ഉണ്ടായത്. ഏല കൃഷിക്കായി മണ്ണെടുക്കുമ്പോൾ സ്ഥലത്തുനിന്നും പാറകൾ ഉരുണ്ടുവരികയായിരുന്നു. പാറകൾ വരുന്ന ശബ്ദം കേട്ട് സമയോചിതമായി വീട്ടിൽ നിന്ന് ഓടിമാറിയതിനാലാണ് റെജിയും കുടുംബവും തലനാരിഴയ്ക്ക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ അപകടം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും വീട് പുനർനിർമിച്ച് നൽകുന്നതിനോ മതിയായ നഷ്ടപരിഹാരം നൽകുന്നതിനോ സെമിനാരിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

സംഭവത്തെ തുടർന്ന് ഇടുക്കി കളക്ടറേറ്റിൽ ഉൾപ്പെടെ വിവിധ അധികാരികൾക്ക് പരാതി നൽകിയിട്ടും കുടുംബം ഇന്നും കാത്തിരിപ്പിലാണ്. ഇതിനിടെ അപകടത്തിൽ തകർന്ന വീടിന്റെ ഭിത്തികളിൽ വീണ്ടും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ പഴയ വീട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമാണ്.

ഇതിനൊപ്പം സെമിനാരി വക ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചിരിക്കുന്നതായി ആരോപിക്കുന്ന വലിയ പടുതാക്കുളവും പ്രദേശവാസികൾക്ക് ഭീഷണിയാകുകയാണെന്ന് റെജി പറയുന്നു.
ഏകദേശം 15 മീറ്റർ വീതിയും 20 മീറ്റർ നീളവും 10 മീറ്റർ ആഴവുമുള്ള പടുതാക്കുളം കുളം കനത്ത മഴയിൽ പൊട്ടിയാൽ താഴ്വാരത്തിലെ വീടുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.ചെങ്കുത്തായ മലഞ്ചെരിവിൽ വലിയ തോതിൽ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണെടുത്തതിനെ തുടർന്ന് ഈ സ്ഥലം താമസയോഗ്യമല്ലെന്ന് സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിൽ പഴയ സ്ഥലത്ത് താമസം തുടരാൻ സാധിക്കില്ലെന്നും, സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് വീട് നിർമ്മിക്കാനുള്ള സൗകര്യവും അർഹമായ നഷ്ടപരിഹാരവും അടിയന്തരമായി അനുവദിക്കണമെന്നുമാണ് റെജിയും കുടുംബവും ആവശ്യപ്പെടുന്നത്.
ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.