Last Updated on 11 Sep 2026 • 5:03 AM by Openzone Online

ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിലെ ഗ്രാമീണ റോഡുകളിൽ യാത്ര ദുരിതമാകുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡുകളാണ് കാടുപടലങ്ങൾ മൂടി അപകടഭീഷണി ഉയർത്തുന്നത്. റോഡിന്റെ വീതി കുറവും കുഴികൾ നിറഞ്ഞ അവസ്ഥയും യാത്രക്കാർക്ക് നേരത്തെ തന്നെ ദുരിതം സൃഷ്ടിക്കുന്നതിനിടെയാണ് റോഡിന്റെ ഇരുവശത്തും കാട് വളർന്ന് പാതയിലേക്ക് കയറിയിരിക്കുന്നത്.
തിയേറ്റർ പടി–താന്നിക്കണ്ടം റോഡിലാണ് സ്ഥിതി ഏറെ രൂക്ഷം. വലിയ കാടുകളും കുറ്റിച്ചെടികളും റോഡിലേക്ക് വളർന്നുനിൽക്കുന്നതിനാൽ പല ഭാഗങ്ങളിലും വാഹനങ്ങൾക്ക് പരസ്പരം കാണാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രത്യേകിച്ച് വളവുകളിൽ കാഴ്ച മറയുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ പെട്ടെന്ന് മുന്നിലെത്തുന്നതോടെ ഡ്രൈവർമാർക്ക് വാഹനം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യവുമുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് ഇതുമൂലം ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നത്. റോഡിലേക്ക് തള്ളിനിൽക്കുന്ന ചെടികളിൽ തട്ടിയും എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ ഒഴിവാക്കുന്നതിനിടയിലും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
അതേസമയം, സംസ്ഥാനപാതകളിൽ പൊതുമരാമത്ത് വകുപ്പ് ഇതിനോടകം രണ്ടുതവണ കാടുപടലങ്ങൾ വെട്ടിമാറ്റി റോഡിന്റെ വശങ്ങൾ വൃത്തിയാക്കിയിട്ടും പഞ്ചായത്ത് ഉടമസ്ഥതയിലുള്ള റോഡുകളുടെ കാര്യത്തിൽ സമാനമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.റോഡിന്റെ അറ്റകുറ്റപ്പണികൾക്കൊപ്പം ഇരുവശത്തെയും കാടുപടലങ്ങൾ വെട്ടിമാറ്റി കാഴ്ച മറയുന്ന ഭാഗങ്ങൾ വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മഴക്കാലത്ത് കാടും കുറ്റിച്ചെടികളും കൂടുതൽ വളരുന്നതിനാൽ പ്രശ്നം കൂടുതൽ രൂക്ഷമാകുമെന്നും ഇവർ പറയുന്നു.റോഡിന്റെ വീതി കുറവും കുഴികളും കാടുപടലങ്ങളും ഒരുമിച്ചാകുമ്പോൾ യാത്രക്കാർക്ക് മുന്നിലുള്ളത് ദുരിതയാത്ര മാത്രമാണ്. അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിന് പകരം അടിയന്തരമായി റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടിമാറ്റി യാത്ര സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

