Last Updated on 01 Sep 2026 • 6:00 AM by Openzone Online

ചെറുതോണി: താന്നിക്കണ്ടത്തെ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ തൊഴിൽ പരിശീലന കേന്ദ്രം വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം. സ്വകാര്യ വ്യക്തികൾക്കും മറ്റും കെട്ടിടം വാടകയ്ക്ക് നൽകുന്നതിന് തീരുമാനമെടുത്തെന്ന വിവരങ്ങൾക്കിടെയാണ് പഞ്ചായത്ത് അംഗങ്ങൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായം ഉയരുന്നത്. വിവിധ തൊഴിലുകളിൽ വനിതകൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച കേന്ദ്രമാണിത്.
ചെറുതോണി അണക്കെട്ടിന്റെ മനോഹരമായ കാഴ്ച ലഭിക്കുന്ന പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ടൂറിസം സാധ്യതയുള്ള മേഖലയായതിനാൽ കെട്ടിടം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും നേരത്തെ ചർച്ചകൾ ഉയർന്നിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും പരിപാലനച്ചെലവുകളും കണ്ടെത്തുന്നതിന് ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്ന സാഹചര്യത്തിലാണ് മുറികൾ വാടകയ്ക്ക് നൽകാനുള്ള തീരുമാനം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീക്കാണ്. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തെ തുടർന്ന് കെട്ടിടം കുടുംബശ്രീക്ക് കൈമാറിയതായും പറയപ്പെടുന്നു. എന്നാൽ സ്വകാര്യ വ്യക്തികൾക്ക് മുറികൾ വാടകയ്ക്ക് നൽകാൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യഥാർഥത്തിൽ തീരുമാനിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം.

കെട്ടിടം ചില പ്രാദേശിക നേതാക്കളുടെ ഇഷ്ടക്കാർക്ക് താമസിക്കാനുള്ള സൗകര്യമായി ഉപയോഗിക്കുന്നുവെന്നും ഇതോടെ പദ്ധതിയുടെ ഉദ്ദേശം തന്നെ നഷ്ടപ്പെടുകയാണെന്നും ബിജെപി നേതാവ് സുരേഷ് മീനത്തേരി ആരോപിക്കുന്നു. അതേസമയം, സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകാൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നാണ് ഡിവിഷൻ മെമ്പർ വിജി കണ്ണന്റെ വിശദീകരണം. സ്വകാര്യ ആവശ്യങ്ങൾക്കായി കെട്ടിടം ഉപയോഗിക്കാമെന്ന തീരുമാനം മാത്രമാണ് ഉണ്ടായതെന്നും വ്യക്തികൾക്ക് വാടകയ്ക്ക് നൽകുന്നതായി മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും വിജി കണ്ണൻ പറയുന്നു.
എന്നാൽ ഇത്തരം തീരുമാനങ്ങൾ മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട്. മിനിറ്റ്സിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടും ലഭ്യമാക്കിയിട്ടില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതോടെയാണ് താന്നിക്കണ്ടം തൊഴിൽ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് വ്യക്തത വരുത്തണമെന്ന ആവശ്യം ശക്തമാകുന്നത്. കമ്മിറ്റി തീരുമാനത്തിന്റെ പകർപ്പ്, കുടുംബശ്രീക്ക് കെട്ടിടം കൈമാറിയതിന്റെ വിശദാംശങ്ങൾ, മുറികൾ വാടകയ്ക്ക് നൽകുന്നതിനുള്ള വ്യവസ്ഥകൾ എന്നിവ പുറത്തുവിടണമെന്നാണ് പൊതുപ്രവർത്തകരുടെ ആവശ്യം.

അതേസമയം, തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന ലക്ഷ്യം നിലനിർത്തിക്കൊണ്ട് കെട്ടിടം പ്രയോജനപ്പെടുത്താൻ കഴിയുന്ന സംരംഭങ്ങൾക്കാണ് അനുമതി നൽകുന്നതെങ്കിൽ അത് മേഖലയുടെ വികസനത്തിനും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും സഹായകരമാകുമെന്നും അഭിപ്രായമുണ്ട്. തീരുമാനം എന്താണ്? മിനിറ്റ്സിൽ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത്? തൊഴിൽ പരിശീലന കേന്ദ്രം യഥാർഥത്തിൽ ആർക്കുവേണ്ടിയാണ് വാടകയ്ക്ക് നൽകുന്നത്? — ഈ ചോദ്യങ്ങൾക്കാണ് ഇനി ബ്ലോക്ക് പഞ്ചായത്ത് മറുപടി പറയേണ്ടത്.

