Last Updated on 01 Sep 2026 • 9:54 AM by Openzone Online

ചെറുതോണി: താൻ എത്തുന്ന നാടുകളിലെല്ലാം ആളുകൾ നന്ദി പറയുന്നുവെന്നും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പേരിലാണ് ഈ നന്ദി ലഭിക്കുന്നതെന്നും എം.എൽ.എ. റോയ് കെ. പൗലോസ്. കേരളത്തിന് പുറത്തേക്ക് വരെ വ്യാപിപ്പിച്ചാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് ലഹരിവിരുദ്ധ റെയ്ഡുകൾ നടത്തുന്നതെന്ന് റോയ് കെ. പൗലോസ് പറഞ്ഞു.
കഴിഞ്ഞദിവസം സംസ്ഥാനത്തിന് പുറത്തു നടത്തിയ റെയ്ഡിൽ 15 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാർ ലഹരി മാഫിയക്കെതിരെ ആരംഭിച്ച വിപുലമായ ജനകീയ പ്രതിരോധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോഹണ്ട്’ ഇടുക്കി ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ 3ന് മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഇടുക്കി എം.എൽ.എ. റോയ് കെ. പൗലോസും കോളേജ് അധികൃതരും ചെറുതോണി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കേരള പോലീസ്, ജില്ലാ ഭരണകൂടം, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളും പാവനാത്മാ കോളേജ് മാനേജ്മെന്റും സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്. സിന്തറ്റിക് ഡ്രഗ്സിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനായി ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിൽ വിഭാവനം ചെയ്ത പദ്ധതിയാണിതെന്ന് സംഘാടകർ അറിയിച്ചു.സെപ്റ്റംബർ 3ന് രാവിലെ 10.30ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ‘ഓപ്പറേഷൻ തൂഫാൻ’ പതാക ഉയർത്തുകയും ചെയ്യുമെന്ന് റോയ് കെ. പൗലോസ് അറിയിച്ചു.

വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വിശിഷ്ട വ്യക്തികളെ ‘തൂഫാൻ വാരിയേഴ്സ്’ ആയി തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന ചടങ്ങിൽ ‘തൂഫാൻ ബാഡ്ജ്’ നൽകി ആദരിക്കും. പരിപാടിയിൽ പങ്കെടുക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ‘തൂഫാൻ വാരിയർ’ മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.ബൈറ്റ്ലഹരിവിരുദ്ധ പ്രതിജ്ഞ, ‘തൂഫാൻ: ദി വാരിയർ വിത്തിൻ’ എന്ന വീഡിയോ പ്രദർശനം എന്നിവയും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടക്കും.
എം.എൽ.എ. റോയ് കെ. പൗലോസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.എൻ.സി.സി., എസ്.പി.സി., സ്കൗട്ട്സ് എന്നിവരുൾപ്പെടെയുള്ള സ്കൂൾ-കോളേജ് വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ 2500 മുതൽ 3000 വരെ ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുരിക്കാശ്ശേരി പാവനാത്മാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സിജോ പി. ജോർജ്, കോളേജ് ബർസാർ ഫാ. വിൽസൺ മണിയാട്ട്, സന്തോഷ് ജോർജ്, ഡോ. ജിജോ ജോർജ്, അലക്സ് തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

