OpenZone Banner

Last Updated on 31 Aug 2026 • 4:07 PM by Openzone Online

Advertisement

ചെറുതോണി: കൃഷിക്കായി സ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി സ്വന്തം പട്ടയഭൂമിയിൽ നിന്ന് മുറിച്ച പ്ലാവും മാവും ഉൾപ്പെടെയുള്ള മരങ്ങൾ വനംവകുപ്പ് തടഞ്ഞതിനെതിരെ പാണ്ടിപ്പാറയിൽ പ്രതിഷേധം ശക്തമാകുന്നു. തങ്കമണി വില്ലേജിലെ പാണ്ടിപ്പാറ ചിറത്തലയാട്ട് ചാക്കോയ്ക്ക് 1993ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച പട്ടയഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ചത്. കൃഷിയാവശ്യത്തിനായി പുരയിടത്തിലെ സ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചതെന്ന് സ്ഥലമുടമ പറയുന്നു. മുറിച്ച മരങ്ങൾ മാറ്റുന്നതിനിടെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തടിയെടുക്കാൻ പാടില്ലെന്ന് അറിയിക്കുകയും തടിയിൽ തടസ്സരേഖ പതിക്കുകയും ചെയ്തതായാണ് ആരോപണം.

പ്ലാവും മാവും ഉൾപ്പെടെയുള്ള മരങ്ങൾ താൻ തന്നെ നട്ടുവളർത്തിയതാണെന്നും പട്ടയഭൂമിയിൽ കൃഷി ചെയ്യുന്നതിനായി സ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായാണ് മുറിച്ചതെന്നും ചാക്കോ ഉദ്യോഗസ്ഥരോട് വിശദീകരിച്ചെങ്കിലും ഇത് അംഗീകരിക്കാതെ തടിയെടുക്കുന്നത് തടയുകയായിരുന്നുവെന്നാണ് പരാതി. യാതൊരു വ്യക്തമായ വിശദീകരണവും തേടാതെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തടിയിൽ തടസ്സരേഖ പതിച്ചതെന്നും സ്ഥലമുടമ ആരോപിക്കുന്നു.

ഹൈറേഞ്ചിലെ കർഷകർ സ്വന്തം പട്ടയഭൂമിയിൽ കൃഷി ചെയ്യുന്നതിനും ഭൂമി ഉപയോഗിക്കുന്നതിനും വനംവകുപ്പിന്റെ ഇടപെടൽ ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. കർഷകരെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ഹൈറേഞ്ചിലെ കർഷകരുടെ പട്ടയഭൂമിയിലേക്ക് വനംവകുപ്പ് കടന്നുകയറുന്നതിന്റെ സൂചനയാണ് പാണ്ടിപ്പാറയിൽ ഉണ്ടായ സംഭവമെന്ന് മുൻ പഞ്ചായത്ത് അംഗവും പൊതുപ്രവർത്തകനുമായ സോണി ചൊള്ളാമഠം പറഞ്ഞു. കർഷകരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള വനംവകുപ്പിന്റെ നടപടികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അടിയന്തരമായി തീരുമാനമുണ്ടായില്ലെങ്കിൽ പാണ്ടിപ്പാറയിലെ മുഴുവൻ കർഷകരെയും അണിനിരത്തി വനംവകുപ്പിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സോണി ചൊള്ളാമഠം വ്യക്തമാക്കി. അതേസമയം വനംവകുപ്പിന്റെ അനുമതി ആവശ്യമുള്ള ചില മരങ്ങൾ ഉടമ മുറിച്ചതാണ് വിഷയങ്ങൾക്ക് കാരണം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed