Last Updated on 04 Nov 2026 • 9:50 AM by Openzone Online

രാജാക്കാട് :ചുഴലിക്കാറ്റിനെത്തുടർന്ന് തെലങ്കാനയിലെ സെക്കന്തരാബാദിൽ കുടുങ്ങിയ ഇടുക്കി സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളടക്കം 91 അംഗ സംഘം കേരളത്തിലേക്ക് തിരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടിയന്തര ഇടപെടലിനെത്തുടർന്ന് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയാണ് സംഘത്തിന്റെ മടക്കയാത്ര സാധ്യമാക്കിയത്. കഴിഞ്ഞ 31-നാണ് സ്കൂളിൽനിന്നുള്ള സംഘം പഠനയാത്രയ്ക്കായി ട്രെയിൻ മാർഗം സെക്കന്തരാബാദിലേക്ക് പുറപ്പെട്ടത്.
യാത്ര പൂർത്തിയാക്കി ഇന്നലെ ഉച്ചയ്ക്ക് 2.30-നുള്ള ട്രെയിനിൽ കേരളത്തിലേക്ക് മടങ്ങാനിരിക്കെയാണ് ചുഴലിക്കാറ്റിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് യാത്ര റദ്ദാക്കിയ വിവരം സംഘത്തിന് ലഭിച്ചത്. ഇതോടെ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെട്ട സംഘം സെക്കന്തരാബാദിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായും സേനാപതി വേണു എംഎൽഎയുമായും സ്കൂൾ അധികൃതർ ബന്ധപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് മുഖേന സംഘത്തിന് ആവശ്യമായ താമസസൗകര്യവും മടക്കയാത്രാ സംവിധാനവും ഒരുക്കാൻ നടപടിയെടുത്തു. ഇതിന്റെ ഭാഗമായി പ്രത്യേക ട്രെയിൻ അനുവദിച്ചതോടെയാണ് സംഘത്തിന് നാട്ടിലേക്ക് മടങ്ങാനായത്. ഇന്ന് പുലർച്ചെ 5.30-നാണ് 91 അംഗ സംഘം പ്രത്യേക ട്രെയിനിൽ കേരളത്തിലേക്ക് യാത്ര തിരിച്ചത്. നാളെ വൈകിട്ട് 6.30-ഓടെ സംഘം ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും നോർക്ക റൂട്ട്സിന്റെ സഹായവുമാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷിതമായ മടക്കയാത്രയ്ക്ക് വഴിയൊരുക്കിയത്.

