Last Updated on 22 Nov 2026 • 3:34 AM by Openzone Online

മൂന്നാർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ ആദ്യത്തേതും ഏകവുമായ ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച നിലയിൽ. ആറുമാസമായി ജീവനക്കാർക്ക് ശമ്പളം നൽകാനാകാത്തതും ജനപ്രതിനിധികൾക്ക് ഓണറേറിയം മുടങ്ങിയതുമാണ് പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടേണ്ട സാഹചര്യം സൃഷ്ടിച്ചത്.
ഇടുക്കി ജില്ലയിലെ വനാന്തര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇടമലക്കുടിയിലെ 26 ആദിവാസി ഉന്നതികളിലെ ജനങ്ങളാണ് ഇതോടെ ദുരിതത്തിലായത്. സൊസൈറ്റിക്കുടിയിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ഓഫീസാണ് ജീവനക്കാർ പൂട്ടിയത്.

എട്ട് സ്ഥിരം ജീവനക്കാരും ആറ് കരാർ ജീവനക്കാരുമുൾപ്പെടെ 14 പേർക്കാണ് ആറുമാസമായി ശമ്പളം ലഭിക്കാത്തത്. പഞ്ചായത്ത് ഭരണസമിതിയിലെ 14 അംഗങ്ങൾക്കും ഓണറേറിയം, സിറ്റിങ് ഫീസ്, യാത്രാബത്ത എന്നിവ ലഭിച്ചിട്ടില്ല. പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിലവിൽ ദേവികുളത്തെ താൽക്കാലിക ക്യാമ്പ് ഓഫീസിൽ നിന്നാണ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.സ്വന്തമായി കാര്യമായ വരുമാനമാർഗങ്ങളില്ലാത്ത പഞ്ചായത്തിന് സർക്കാർ ഗ്രാന്റുകളാണ് പ്രധാന ആശ്രയം. പ്രതിമാസം 10 മുതൽ 12 ലക്ഷം രൂപ വരെ ലഭിച്ചിരുന്ന ജനറൽ പർപ്പസ് ഫണ്ട് ഗണ്യമായി കുറഞ്ഞ് 87,700 രൂപയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ.

പഞ്ചായത്തിന്റെ രൂപീകരണസമയത്ത് 2010-ൽ അനുവദിച്ച 30 ലക്ഷം രൂപയുടെ പ്രത്യേക കോർപ്പസ് ഫണ്ടും ഇതിനകം തീർന്നു. കെട്ടിടനികുതിയിനത്തിൽ പ്രതിവർഷം ഏകദേശം 6,000 രൂപയും തൊഴിൽനികുതിയിനത്തിൽ 1.10 ലക്ഷം രൂപയുമാണ് പഞ്ചായത്തിന് ലഭിക്കുന്നതെന്നാണ് കണക്ക്.
ഓഫീസിലെ ഇന്റർനെറ്റ് ബിൽ കുടിശ്ശികയായതിനെ തുടർന്ന് ബിഎസ്എൻഎൽ കണക്ഷൻ വിച്ഛേദിച്ചതും ഭരണപ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. കുടിശ്ശിക അടയ്ക്കാമെന്ന ഉറപ്പിനെ തുടർന്ന് പിന്നീട് കണക്ഷൻ പുനഃസ്ഥാപിച്ചതായാണ് വിവരം. ഇന്ധനത്തിന് പണമില്ലാത്തതിനാൽ പഞ്ചായത്ത് ഔദ്യോഗിക വാഹനവും ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. മunnarിൽ നിന്നും ദേവികുളത്തുനിന്നും സൊസൈറ്റിക്കുടിയിലെ ഓഫീസിലെത്താൻ വലിയ യാത്രാച്ചെലവ് വേണ്ടിവരുന്നതും ജീവനക്കാർക്ക് തിരിച്ചടിയായി.

പഞ്ചായത്തിന്റെ പ്രവർത്തനം നിലച്ചതോടെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ഉൾവനത്തിലെ ആദിവാസി കുടുംബങ്ങളാണ്. വിവിധ ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് ഓഫീസിലെത്തുന്നവർക്ക് സർട്ടിഫിക്കറ്റുകളും മറ്റ് സർക്കാർ സേവനങ്ങളും ലഭിക്കാത്ത സാഹചര്യമാണുള്ളത്. അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
വിഷയത്തിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ കളക്ടർ, മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവരോട് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിക്ക് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
പ്രതിസന്ധിയിൽ ഇടപെടുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിച്ച് അടിയന്തര പരിഹാരം കാണാൻ ശ്രമിക്കുമെന്നും ആദിവാസി ഭൂരിപക്ഷമുള്ള പഞ്ചായത്തിന് പ്രത്യേക പരിഗണന നൽകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പഞ്ചായത്ത് അടച്ചുപൂട്ടേണ്ടിവന്ന സാഹചര്യം അതീവ ഗൗരവകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. പഞ്ചായത്തിന് ആവശ്യമായ പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്നും ജീവനക്കാരുടെ ശമ്പളവും ജനപ്രതിനിധികളുടെ ആനുകൂല്യങ്ങളും കുടിശ്ശികയടക്കം വിതരണം ചെയ്ത് ഓഫീസ് പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തിലെ ഭരണസംവിധാനം തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ തളരുമ്പോൾ ചോദ്യചിഹ്നമാകുന്നത് ഉൾവനത്തിലെ ആദിവാസി ജനതയുടെ ഭരണപരമായ അവകാശങ്ങളും അടിസ്ഥാന സർക്കാർ സേവനങ്ങളുമാണ്. അടിയന്തരമായി പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ച് ഇടമലക്കുടി പഞ്ചായത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

