Last Updated on 22 Nov 2026 • 12:21 PM by Openzone Online

ചെറുതോണി: ആരോഗ്യവകുപ്പ് ജില്ലാ മേധാവിയുടെ ഓഫീസിന്റെ അനാസ്ഥ തുടരുന്നു. ആംബുലൻസ് ഡ്രൈവർമാരെ ശബരിമല ഡ്യൂട്ടിക്ക് മെഡിക്കൽ കോളേജിൽ നിന്നും കൊണ്ടുപോകരുത് എന്ന് ഡിഎംഒയോട് നേരിട്ടും കത്ത് മുഖേനയും മെഡിക്കൽ കോളേജ് സൂപ്രണ്ട് പലവട്ടം ആവശ്യപ്പെട്ടിട്ടും രണ്ട് ഡ്രൈവർമാരെ മെഡിക്കൽ കോളേജിൽ നിന്ന് മാറ്റിയത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഇക്കാര്യം എച്ച്എംസിയുടെ ചെയർമാനായ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിൽ അധികാരികൾ പുലർത്തുന്ന പ്രത്യേകിച്ച് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് ജില്ലാ മേധാവിയുടെ ഓഫീസും നിരന്തരം തുടരുന്ന അനാസ്ഥയിലൂടെ രോഗികളുടെ ജീവൻ വരെ അപകടത്തിൽ ആവുകയാണ്.

മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ആർ എം ഓ ഡോക്ടർ നവാസിൻ്റെ അവസരോചിതമായ ഇടപെടലുകളിലൂടെ താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയതാണ് ചെറിയതോതിൽ എങ്കിലും ആശ്വാസമായി മാറിയത്.
ആംബുലൻസ് ഡ്രൈവർമാരുടെ അഭാവത്തിൽ ആശുപത്രി ജീവനക്കാരെ ഇന്റേണൽ സർവീസിന് ചുമതലപ്പെടുത്തിയതിലൂടെ അത്യഹിത വിഭാഗത്തിൽ എത്തുന്ന പ്രത്യേകിച്ച് ഹൃദയാഘാതം ഉൾപ്പെടെയുള്ള രോഗങ്ങൾ മൂലം ദുരിതത്തിൽ ആയവർക്ക് അടിയന്തര ചികിത്സയ്ക്കുള്ള ഏർപ്പാടും ലഭ്യമായിട്ടുണ്ട്.
4 ആംബുലൻസ് ഡ്രൈവർമാർ മാത്രമാണ് ഇടുക്കി മെഡിക്കൽ കോളേജിൽ ഉള്ളത് ഇതിൽ രണ്ടുപേർ ശബരിമല ഡ്യൂട്ടിക്ക് പോയിരിക്കുകയാണ്. ബാക്കിയുള്ള രണ്ടുപേർ അപ്രതീക്ഷിതമായി ഇന്ന് അവധിയിൽ പോയി . ഈ സാഹചര്യത്തിലാണ് ഡ്രൈവിംഗ് ലൈസൻസ് ഉള്ള സെക്യൂരിറ്റി ജീവനക്കാരെ ഇൻറർനാഷണൽ സർവീസിന് ചുമതലപ്പെടുത്തി ഉത്തരവായത്.
എന്നാൽ പരിചയ സമ്പന്നത ഇല്ലായ്മ ഇത്തരം ജീവനക്കാർ ആംബുലൻസ് ഓടിക്കുന്നതിലൂടെ ഉണ്ടായേക്കാവുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെ എങ്ങനെ പരിഹരിക്കും എന്നതിൽ വ്യക്തതയില്ല. അത്യഹിത വിഭാഗത്തിലെ രോഗികൾക്ക് അവശ്യ സേവനം ലഭ്യമാക്കുന്നതിനാണ് താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയത് എന്ന് ഡോക്ടർ നവാസ് പറഞ്ഞു.
ഡിസംബർ 30 തോടുകൂടി മെഡിക്കൽ കോളേജിലെ അറുപതോളം വരുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും അറിയുന്നു. കാലങ്ങളായി ഈ രംഗത്ത് പരിചയമുള്ള 60 ജീവനക്കാരെ ഒറ്റയടിക്ക് മാറ്റുന്നതിലൂടെ അതീവ ഗുരുതരമായ സാഹചര്യം മെഡിക്കൽ കോളേജിന് വന്നു ചേരുമെന്നും വിലയിരുത്തപ്പെടുന്നു.

