Last Updated on 08 Nov 2026 • 3:47 AM by Openzone Online

Advertisement

കട്ടപ്പന:കല്ലും മെറ്റലും എം.സാൻഡും ലഭിക്കാനില്ല; പൊതുമരാമത്ത് പ്രവൃത്തികളും പഞ്ചായത്ത് റോഡ് നിർമ്മാണവും തടസ്സത്തിൽ. നിർമ്മാണ സാമഗ്രികൾക്ക് ഇരട്ടിയോളം വില നൽകേണ്ട അവസ്ഥയിൽ കരാറുകാർ. നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുന്നു.

തമിഴ്നാട് ക്വാറി ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം വീണ്ടും നീട്ടിയതോടെ ഇടുക്കി ഹൈറേഞ്ചിലെ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലായി. ജില്ലയിലെ മലയോര മേഖലയുടെ നിർമ്മാണ ആവശ്യങ്ങൾക്ക് പ്രധാനമായും ആശ്രയിച്ചിരുന്നത് തമിഴ്നാട്ടിലെ ക്വാറികളെയായിരുന്നു. നിരോധനം നീണ്ടതോടെ കല്ല്, മെറ്റൽ, എം.സാൻഡ് തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ വരവ് നിലച്ചതോടെ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസന പ്രവൃത്തികൾക്കും പഞ്ചായത്ത് തലത്തിലുള്ള റോഡ് നിർമ്മാണ പദ്ധതികൾക്കും തിരിച്ചടിയുണ്ടായിട്ടുണ്ട്.

ചില പ്രവൃത്തികൾ പാതിവഴിയിൽ നിലച്ചപ്പോൾ, സാമഗ്രികളുടെ ലഭ്യതയില്ലാത്തതിനാൽ പുതിയ പദ്ധതികൾ ആരംഭിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. മറ്റ് ജില്ലകളിൽനിന്ന് നിർമ്മാണ സാമഗ്രികൾ എത്തിക്കേണ്ടിവരുന്നതോടെ ചെലവ് കുത്തനെ വർധിച്ചു. നിലവിൽ ഇരട്ടിയോളം വില നൽകിയാണ് പലരും സാമഗ്രികൾ എത്തിക്കുന്നത്.

എസ്റ്റിമേറ്റ് പ്രകാരമുള്ള നിരക്കിൽ കരാർ ഏറ്റെടുത്ത കരാറുകാർക്കാണ് ഇതുമൂലം വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്നത്. അധിക ചെലവ് താങ്ങാനാകാതെ വന്നതോടെ പല പ്രവൃത്തികളും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നിലയ്ക്കുന്നത് കരാറുകാരെ മാത്രമല്ല, മേഖലയിലെ ദിവസവേതന തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്നു. തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവനവും പ്രതിസന്ധിയിലാകുകയാണ്.വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിക്കുന്ന സാധാരണക്കാരെയും ക്വാറി നിരോധനം ബാധിച്ചിട്ടുണ്ട്.

നിർമ്മാണ സാമഗ്രികളുടെ വില വർധിച്ചതോടെ നേരത്തെ കണക്കാക്കിയ ബജറ്റിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ് പലർക്കും. നിരോധനം ഇനിയും നീളുകയാണെങ്കിൽ നിർമ്മാണ ചെലവ് വീണ്ടും വർധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.അനധികൃത ഖനനം തടയുന്നതിനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ക്വാറി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും ഹൈറേഞ്ചിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രായോഗിക പരിഹാരം വേണമെന്നാണ് കരാറുകാരുടെ ആവശ്യം.

നിർമ്മാണ മേഖലയെ പൂർണമായും സ്തംഭിപ്പിക്കാത്ത രീതിയിൽ നിയന്ത്രണങ്ങളിൽ താൽക്കാലിക ഇളവ് അനുവദിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. നിയന്ത്രണങ്ങൾ തുടർന്നാൽ സർക്കാർ വികസന പദ്ധതികൾ വൈകുന്നതിനൊപ്പം തൊഴിലാളികളുടെ തൊഴിൽ നഷ്ടവും സാധാരണക്കാരുടെ സാമ്പത്തിക ബാധ്യതയും വർധിക്കുമെന്ന ആശങ്കയിലാണ് ഇടുക്കിയിലെ നിർമ്മാണ മേഖല.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed