Last Updated on 19 Nov 2026 • 5:45 AM by Openzone Online

മണ്ണാർക്കാട് : പാലക്കാട് മണ്ണാർക്കാട് പെരുമ്പടാരി സ്വദേശികളായ രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേരും അപകടനില തരണം ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും കൂടുതൽ വിവരങ്ങൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായ ശേഷമേ ലഭ്യമാകൂവെന്നും പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കുമരംപുത്തൂർ പോത്തോഴിക്കാവ് ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രണ്ട് സ്ത്രീകളെയും ആറ് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളെയുമാണ് അവശനിലയിൽ കണ്ടെത്തിയത്. ഇവർ സഹോദരിമാരാണെന്നാണ് വിവരം. നാട്ടുകാരാണ് സംഭവം ആദ്യം അറിയുന്നത്. തുടർന്ന് അഞ്ചുപേരെയും ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.

(ഗുരുതരാവസ്ഥയിൽ ആയ കുട്ടിയുമായി ആശുപത്രിയിലേക്ക് പായുന്ന ആംബുലൻസിനുള്ളിൽ നിന്നുള്ള ദൃശ്യം)
കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും സ്ത്രീകളെ മണ്ണാർക്കാട്ടെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.മണ്ണാർക്കാട് പെരുമ്പടാരി സ്വദേശികളായ ഇവർ കുടുംബവീട്ടിൽനിന്ന് മാറി ചങ്ങലങ്ങീരി നായാടിക്കുന്നിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവരിൽ ഒരാൾ ഭർത്താവുമായി അകന്നുകഴിയുകയാണെന്നും എന്നാൽ വിവാഹമോചനം നേടിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കുടുംബപ്രശ്നങ്ങളാണോ സംഭവത്തിന് പിന്നിലെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.വിഷം എങ്ങനെയാണ് ഉള്ളിൽ ചെന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവത്തിന് പിന്നിൽ ആത്മഹത്യാശ്രമമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. ആരോഗ്യനില മെച്ചപ്പെട്ടശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നാണ് പോലീസിന്റെ നിലപാട്.

