Last Updated on 29 Aug 2026 • 4:31 PM by Openzone Online

കോട്ടയം: ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വടവാതൂർ സ്വദേശി ആദിത്യൻ (21) ആണ് കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴിയാണ് ആദിത്യൻ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പോലീസ് പറയുന്നു. താൻ സിവിൽ സർവീസ് പരീക്ഷ പാസായ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജ സന്ദേശങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും പെൺകുട്ടിയെ വിശ്വസിപ്പിച്ചായിരുന്നു അടുപ്പം സ്ഥാപിച്ചത്. പിന്നീട് വിവാഹ വാഗ്ദാനം ഉൾപ്പെടെ നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
പെൺകുട്ടി ഗർഭിണിയായതോടെയാണ് യുവാവ് നൽകിയിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന അവകാശവാദം വ്യാജമാണെന്ന് വീട്ടുകാർക്ക് മനസിലായത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി വ്യാജ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മേൽവിലാസം ഉപയോഗിച്ച് നേരത്തെയും നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

സിവിൽ സർവീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം നൽകി വിവിധ ആളുകളിൽ നിന്ന് പണം തട്ടിയതുമായി ബന്ധപ്പെട്ട പരാതികളും ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ വിവരം.
പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ആൾമാറാട്ടം, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
