OpenZone Banner

Last Updated on 07 Sep 2026 • 1:53 AM by Openzone Online

Advertisement

തൊടുപുഴ: കോലാനി അമരംകാവ് ദേവീക്ഷേത്രത്തിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിൽ രണ്ടുപേരെ തൊടുപുഴ പോലീസ് പിടികൂടി. കണ്ണൂർ തളിപ്പറമ്പ് താലൂക്കിലെ കൂട്ടുമുഖം കാവുമ്പായി വലിയവളപ്പിൽ വീട്ടിൽ ഉബൈദ് (38), അസം ലാഹോരിഘട്ട് മുരിഗവ രാഘത് സ്വദേശി അമീർ ഹംസ (26) എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബർ 3ന് ഉച്ചയ്ക്ക് 12.30 മുതൽ സെപ്റ്റംബർ 4ന് പുലർച്ചെ 5.30 വരെയുള്ള സമയത്താണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ ഓട്ടിൽ നിർമിച്ച 60 നിലവിളക്കുകൾ, രണ്ട് വീതം ഉരുളികൾ, തൂക്കുവിളക്കുകൾ എന്നിവയുൾപ്പെടെ ഏകദേശം 70,000 രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഇതേ ക്ഷേത്രത്തിൽ നേരത്തെയും മോഷണം നടന്നിരുന്നു. മേയ് 31ന് വൈകിട്ട് 6.30 മുതൽ ജൂൺ 1ന് പുലർച്ചെ 5.45 വരെയുള്ള സമയത്ത് ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരക്കുറ്റികൾ തകർത്ത് ഏകദേശം 15,000 രൂപ മോഷ്ടിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്ഷേത്രത്തിൽ വീണ്ടും മോഷണം നടന്നത്.ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്. നൽകിയ നിർദേശപ്രകാരം തൊടുപുഴ ഡിവൈ.എസ്.പി. സജി മാർക്കോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

തൊടുപുഴ പോലീസ് ഇൻസ്പെക്ടർ മനേഷ് കെ.പി., എസ്.ഐമാരായ ജിബിൻ തോമസ്, അരുൺ ചന്ദ്രൻ, അനന്തു ശേഖർ, ഷംസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ജോയ് തോമസ്, അജീഷ് തങ്കപ്പൻ, ബാബുക്കുട്ടൻ, അജിമോൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed