Last Updated on 07 Sep 2026 • 2:58 AM by Openzone Online

കോതമംഗലം: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്പാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഇരുമ്പുപാലത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പും കടത്താൻ ഉപയോഗിച്ച മാരുതി കാറും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ആനക്കൊമ്പിന് ഏതാനും വർഷത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും വനംവകുപ്പ് അന്വേഷിച്ചുവരികയാണ്.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് അന്വേഷണം ഊർജിതമാക്കി. ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രാഥമിക നടപടികൾക്ക് ശേഷം പ്രതികളെയും തൊണ്ടിമുതലും വാഹനവും ഞായറാഴ്ച രാവിലെ നേര്യമംഗലം റേഞ്ചിലെ വാളറ സ്റ്റേഷനിലേക്ക് കൈമാറി.
തുടർന്ന് പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേര്യമംഗലം റേഞ്ച് ഓഫീസർ കെ.എസ്. ഷഹനാസ്, വാളറ ഡെപ്യൂട്ടി റേഞ്ചർ കെ.സി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

