OpenZone Banner

Last Updated on 18 Aug 2026 • 10:15 AM by Openzone Online

Advertisement

തൊടുപുഴ: ഇടുക്കിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ താഴ്ത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കട്ടപ്പന കടമാകുഴി ഭാഗത്തെ ഏലത്തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന മാത്യു ദേവസ്യ എന്ന തങ്കച്ചനെയാണ് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജി സനു എസ്. പണിക്കറാണ് ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും, തെളിവ് നശിപ്പിച്ചതിന് 201-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിനതടവുമാണ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക കൊല്ലപ്പെട്ട അമ്പിളിയുടെ മാതാവിന് നൽകണമെന്നും കോടതി ഉത്തരവിട്ടു.

2012 ജനുവരി മൂന്നിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കട്ടപ്പന കടമാകുഴി ഭാഗത്തെ ഏലത്തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന മാത്യു ദേവസ്യയും അവിടെ തൊഴിലാളിയായിരുന്ന അമ്പിളിയും തമ്മിൽ അടുപ്പത്തിലായിരുന്നു. അമ്പിളി എട്ടുമാസം ഗർഭിണിയായതോടെ, ഭാര്യയും കുട്ടികളുമുള്ള തനിക്ക് കുടുംബജീവിതവും സാമൂഹിക പദവിയും നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ കേസ്.

ജോലിക്കെന്ന വ്യാജേന വീട്ടിൽനിന്ന് ഇറങ്ങിയ അമ്പിളിയെ പ്രതി പാമ്പാടുംപാറ ആനകുത്തി ഭാഗത്തേക്ക് വിളിച്ചുവരുത്തി. കൊലപാതകത്തിനും മൃതദേഹം മറവുചെയ്യുന്നതിനുമായി കട്ടപ്പനയിൽനിന്ന് മുൻകൂട്ടി വാങ്ങിയ പ്ലാസ്റ്റിക് കയറും നീല പടുതയും ബിഗ് ഷോപ്പറിലാക്കി ഓട്ടോറിക്ഷയിലാണ് ഇയാൾ സ്ഥലത്തെത്തിയത്.

വിജനമായ കാപ്പിത്തോട്ടത്തിലെത്തിച്ച ശേഷം പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് അമ്പിളിയുടെ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം നീല പടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി തോട്ടത്തിലെ കുളത്തിൽ താഴ്ത്തി.മകൾ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്പിളിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ കട്ടപ്പന പോലീസ് മാൻമിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്ന് ഭയന്ന പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ജനുവരി 14-ന് കാപ്പിത്തോട്ടത്തിലെ കുളത്തിൽനിന്ന് ദുർഗന്ധം വമിക്കുന്ന നിലയിൽ നീല പടുതയിൽ പൊതിഞ്ഞ കെട്ട് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അമ്പിളിയുടെയും പൊക്കിൾക്കൊടി ബന്ധം അറ്റുപോകാത്ത നവജാതശിശുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷന് നിർണായകമായത്. ഡി.എൻ.എ പരിശോധനയിൽ കൊല്ലപ്പെട്ടത് അമ്പിളിയാണെന്നും മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കുഞ്ഞിന്റെ പിതാവ് പ്രതിയായ മാത്യു ദേവസ്യ തന്നെയാണെന്നും തെളിഞ്ഞു. അന്നത്തെ കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ റെജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 32 സാക്ഷികളെ വിസ്തരിക്കുകയും 52 പ്രമാണങ്ങളും 23 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സാഹചര്യ തെളിവുകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും വിലയിരുത്തിയ ശേഷമാണ് കോടതി പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്. എസ്. ഹാജരായി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed