OpenZone Banner

Last Updated on 18 Aug 2026 • 4:36 PM by Openzone Online

Advertisement

ആലപ്പുഴ: കരുവാറ്റയിൽ വാടകവീട്ടിൽ മധ്യവയസ്കനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊല്ലം പരവൂർ സ്വദേശി ശിവൻകുട്ടി ചെട്ടിയാരുടെ കൊലപാതകത്തിന് പിന്നിൽ 13-കാരിയായ കൊച്ചുമകളുടെ നിർദേശവും വൈരാഗ്യവുമുണ്ടായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമുൾപ്പെടെയുള്ള പ്രായപൂർത്തിയാകാത്തവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുമകൾ ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ശിവൻകുട്ടി തന്നോട് മോശമായി പെരുമാറിയതായി കൊച്ചുമകൾ കാമുകനോട് പറഞ്ഞിരുന്നതായും ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആലപ്പുഴ എസ്.പി. ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ടയാളുടെ പണവും സ്വർണവും കവരുകയായിരുന്നു പ്രതികളുടെ മറ്റൊരു ലക്ഷ്യം. പണയംവെച്ച സ്വർണം അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.

പെൺകുട്ടി ആദ്യം നൽകിയ മൊഴിയിലെ വൈരുധ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പെൺകുട്ടി സംഭവത്തിന്റെ യഥാർഥ വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. 16, 17 വയസ്സുള്ള കുട്ടികളാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കുടുംബത്തിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്ന പെൺകുട്ടിയെ മുൻപ് കാണാതായ സംഭവങ്ങളും ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും സിനിമകളുടെ സ്വാധീനമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

തെളിവ് നശിപ്പിക്കുന്നതിനായി മുളകുപൊടി വിതറുകയും ശിവൻകുട്ടിയുടെ കൈകാലുകൾ കെട്ടിയിടുകയും ചെയ്തത് സിനിമകളിൽ കണ്ട രീതിയിലായിരുന്നു. ചെറിയ വെന്റിലേറ്ററിലൂടെ വീടിനുള്ളിൽ പ്രവേശിക്കാൻ കഴിയുന്നയാളെയാണ് പ്രതികൾ കൃത്യത്തിനായി നിയോഗിച്ചത്.ശനിയാഴ്ച വൈകീട്ട് ശിവൻകുട്ടിയെ അയൽവാസികൾ അവസാനമായി പുറത്തുകണ്ടിരുന്നു.

അന്നുരാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് പിന്നാലെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിലൂടെ 13-കാരിയെ കാണിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് പ്രതികളിലേക്ക് വേഗത്തിൽ എത്താൻ പോലീസിനെ സഹായിച്ചത്.

മകളുടെ പ്രസവാവശ്യവുമായി ബന്ധപ്പെട്ട് ഭാര്യ ആശുപത്രിയിലായിരുന്ന സമയത്താണ് സംഭവം. ഇതോടെ ശിവൻകുട്ടി മാത്രമായിരുന്നു വാടകവീട്ടിൽ ഉണ്ടായിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ കൈകളും കാലുകളും പിന്നിലേക്ക് വലിച്ചുകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കിടക്കവിരികളും മറ്റ് തുണികളുമാണ് കെട്ടാൻ ഉപയോഗിച്ചത്.

വീട്ടിലെ അലമാരയും പൊളിച്ച നിലയിലായിരുന്നു. കൊലപാതകത്തിനും കവർച്ചയ്ക്കും വീട്ടിൽ ആരുമില്ലാത്ത സാഹചര്യം പ്രതികൾ മുതലെടുത്തതായാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിന് പിന്നിലെ മുഴുവൻ സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനായി അന്വേഷണം തുടരുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed