Last Updated on 18 Aug 2026 • 5:17 AM by Openzone Online

കരുവാറ്റ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ താമസിച്ചിരുന്ന ശിവൻകുട്ടി (65) കൊല്ലപ്പെട്ട കേസിൽ ബന്ധുവായ 13-കാരിയടക്കം പ്രായപൂർത്തിയാകാത്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
13-കാരി നൽകിയ ക്വട്ടേഷൻ കൊല്ലം സ്വദേശികളായ മൂന്ന് പേരാണ് ഏറ്റെടുത്തതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ സംഘം കവർന്നതായും കണ്ടെത്തിയിട്ടുണ്ട്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണോ കൊലപാതകം നടന്നതെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രതികൾ ബന്ധുവായ പെൺകുട്ടിയെ വീഡിയോ കോളിലൂടെ കാണിച്ചുനൽകിയതായും പോലീസ് പറയുന്നു. കവർന്ന സ്വർണം വിറ്റ് പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക വിവരം.ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.

തിങ്കളാഴ്ചയാണ് ശിവൻകുട്ടിയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ തുണി മുറുക്കിയ പാടുകളും കണ്ടെത്തി. കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലധികം പേർ കൃത്യത്തിൽ പങ്കെടുത്തതായും സൂചന ലഭിച്ചിരുന്നു.ശിവൻകുട്ടിയുടെ മകൾ ശ്രീകലയെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഭാര്യ സരസ്വതിയും ആശുപത്രിയിലായിരുന്നു. വീട്ടിൽ മറ്റാരുമില്ലാതിരുന്നതിനാൽ വിദ്യാർഥിനിയായ ചെറുമകൾ കരുവാറ്റയിലെ കൂട്ടുകാരിയുടെ വീട്ടിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.വീട്ടിൽനിന്ന് ആറ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചു. അലമാര കുത്തിത്തുറന്ന നിലയിലും വീട്ടുപകരണങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. കൊലപാതകത്തിന് ശേഷം വീടിനുള്ളിൽ മുളകുപൊടി വിതറിയതായും കണ്ടെത്തി.

വീട്ടിലെ അടുക്കളയിൽനിന്നാണ് മുളകുപൊടി എടുത്തതെന്നാണ് പോലീസ് പറയുന്നത്.ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു വീട്. കൊല്ലം സ്വദേശിയായ ശിവൻകുട്ടി രണ്ടുവർഷം മുമ്പാണ് കരുവാറ്റയിൽ താമസമാക്കിയത്. ഒരു വീട് നിർമിച്ച് പൂർത്തിയാക്കിയിരുന്നു. രണ്ടാമത്തെ വീടിന്റെ നിർമാണം നടന്നുവരികയായിരുന്നു.ശിവൻകുട്ടിക്ക് മൂന്ന് മക്കളാണ്.
ഒരു മകൻ നേരത്തെ മരിച്ചിരുന്നു. രണ്ട് പെൺമക്കളാണ് നിലവിലുള്ളത്. സംഭവമറിഞ്ഞ് എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര, ആലപ്പുഴ എസ്.പി. ടി.കെ. വിഷ്ണുപ്രദീപ് എന്നിവരടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

