Last Updated on 28 May 2026 • 3:05 AM by Openzone Online

സന്ദേശ്ഖാലി/കൊൽക്കത്ത:പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി എന്ന ചെറിയ ദ്വീപ് പ്രദേശത്തെ രാഷ്ട്രീയ ശക്തികേന്ദ്രമായിരുന്നു ഷെയ്ഖ് ഷാജഹാൻ. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവായിരുന്ന ഇയാൾക്കെതിരെ പിന്നീട് ഉയർന്നത് വെറും അഴിമതി ആരോപണങ്ങൾ മാത്രമല്ല; സ്ത്രീപീഡനം, ഭൂമി കൈയേറ്റം, റേഷൻ കള്ളക്കടത്ത്, കേന്ദ്ര അന്വേഷണ ഏജൻസികളിലേക്കുള്ള സംഘടിത ആക്രമണം എന്നിവയും ചേർന്ന വലിയ കേസുകളാണ്.
2024 ജനുവരി 5-ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ സന്ദേശ്ഖാലിയിലെ ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്താനെത്തിയതോടെയാണ് രാജ്യമൊട്ടാകെ ചർച്ചയായ സംഭവപരമ്പര ആരംഭിച്ചത്. പശ്ചിമ ബംഗാളിലെ കോടിക്കണക്കിന് രൂപയുടെ റേഷൻ വിതരണ അഴിമതി കേസിൽ മുൻമന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെതിരെ അന്വേഷണം നടക്കുന്നതിനിടെ ഷാജഹാന്റെ പേരും ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇഡി സംഘം സന്ദേശ്ഖാലിയിലെത്തിയത്. എന്നാൽ പരിശോധന സാധാരണ നടപടിയായി മുന്നോട്ട് പോയില്ല. ഇഡി ഉദ്യോഗസ്ഥർ വീടിനകത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിന് ആളുകൾ സ്ഥലത്തെത്തി.
പിന്നീട് കേന്ദ്ര അന്വേഷണ ഏജൻസി കോടതിയിൽ പറഞ്ഞത്, 800 മുതൽ 1000 വരെ ആളുകൾ സംഘടിതമായി ആക്രമണം നടത്തിയെന്നാണ്. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തകർത്തു, രേഖകളും ഫോണുകളും പിടിച്ചെടുത്തു, മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. ചില ഇഡി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഷാജഹാൻ ഒളിവിൽ പോയി. 55 ദിവസത്തോളം ഇയാളെ കണ്ടെത്താനായില്ലെന്നത് തന്നെ വലിയ രാഷ്ട്രീയ വിവാദമായി.

പ്രതിപക്ഷം സംസ്ഥാന പോലീസിന് മേൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഒടുവിൽ 2024 ഫെബ്രുവരി 29-ന് മിനാഖൻ പ്രദേശത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് തൃണമൂൽ കോൺഗ്രസ് നേതൃത്വം ഷാജഹാനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
അതേസമയം സന്ദേശ്ഖാലിയിൽ നിന്നുള്ള സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ രാജ്യത്തെ ഞെട്ടിച്ചു. നിരവധി സ്ത്രീകൾ പുറത്തുവന്ന് ഷാജഹാനും അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ ശിബു ഹസ്ര, ഉത്തം സർദാർ എന്നിവർക്കെതിരെ ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും ആരോപിച്ചു. ഗ്രാമത്തിലെ സ്ത്രീകളെ രാത്രി ഓഫീസിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചുവെന്നും ഭൂമി ബലമായി കൈവശപ്പെടുത്തിയെന്നുമായിരുന്നു ആരോപണം.
ഇതോടെ സംഭവം ദേശീയ രാഷ്ട്രീയ ചർച്ചയായി മാറി. ഇതിനിടെ കൊൽക്കത്ത ഹൈക്കോടതി അന്വേഷണം കേന്ദ്ര അന്വേഷണ ബ്യൂറോയ്ക്ക് കൈമാറി. കേസിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഷാജഹാന്റെ അടുത്ത അനുയായികളായ ചിലരെ പിന്നീട് ആയുധക്കേസുകളിലും സാക്ഷി ഭീഷണിക്കേസുകളിലും അറസ്റ്റ് ചെയ്തിരുന്നു. 2026 മാർച്ചിൽ കൊൽക്കത്ത ഹൈക്കോടതി വീണ്ടും ഷാജഹാന്റെ ജാമ്യാപേക്ഷ തള്ളി. പ്രദേശത്ത് എല്ലാവരും ഭയപ്പെടുന്ന സ്വാധീനമുള്ള വ്യക്തി എന്നാണ് കോടതിയുടെ നിരീക്ഷണം. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.

അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ലെന്നും 88 സാക്ഷികളെയും നിരവധി രേഖകളെയും പരിശോധിക്കാനുണ്ടെന്നും കോടതിയിൽ വ്യക്തമാക്കി. അതുകൊണ്ടാണ് രണ്ട് വർഷം പിന്നിട്ടിട്ടും ജാമ്യം ലഭിക്കാത്തത്. കേസിന്റെ ഗൗരവം കൂട്ടിയത് പിന്നീട് നടന്ന ചില സംഭവങ്ങളുമാണ്.
ഷാജഹാനെതിരായ ഭൂമി കൈയേറ്റക്കേസിലെ പ്രധാന സാക്ഷിയായ ഭോളാനാഥ് ഘോഷിന്റെ വാഹനത്തെ ലോറി ഇടിച്ച സംഭവത്തിൽ അദ്ദേഹത്തിന്റെ മകനും ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. ഇത് ആസൂത്രിത ആക്രമണം ആണെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.
കേസിൽ ഷാജഹാന്റെ അനുയായികൾക്കെതിരെ വീണ്ടും അന്വേഷണം ശക്തമായി.ഇതിനിടെയാണ് കേരളത്തിലും ഇന്നലെ നടന്ന ഇഡി-പോലീസ് സംഘർഷവും രാഷ്ട്രീയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ഉയർന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികൾ തടയപ്പെടുന്ന സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുമ്പോൾ, സന്ദേശ്ഖാലി കേസ് പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടുകയാണ്.

കാരണം, ഒരു കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരായ ആക്രമണം നിയമനടപടി തടസ്സപ്പെടുത്തൽ, എന്നതിലുപരി സംഘടിത അധികാര ദുരുപയോഗം ആണെന്ന് കോടതികൾ വിലയിരുത്തുന്ന സാഹചര്യമാണ് സന്ദേശ്ഖാലി കേസിലൂടെ പുറത്തുവന്നത്.
