Last Updated on 26 May 2026 • 8:57 AM by Openzone Online

തിരുവനന്തപുരം:ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ നടന്ന വിവാദ ‘രക്ഷാപ്രവർത്തന’ സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ശക്തമാകുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ച് പേരെയും ഉടൻ സസ്പെൻഡ് ചെയ്യാൻ ഡിജിപി ഉത്തരവിറക്കുമെന്നാണ് വിവരം. സംഭവം നടന്നത് നവകേരള യാത്രക്കിടെയായിരുന്നു. പ്രതിഷേധിച്ച കെഎസ്യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലോക്കൽ പൊലീസിന്റെ സാന്നിധ്യത്തിനിടയിലും സുരക്ഷാ സംഘാംഗങ്ങൾ വാഹനത്തിൽ നിന്ന് ഇറങ്ങി ലാത്തിയുമായി ആക്രമിച്ചെന്നാണ് ആരോപണം ഉയർന്നത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറി. തുടർന്ന് കേസിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, ഔദ്യോഗിക രേഖകൾ എന്നിവ പരിശോധിച്ച ശേഷമാണ് ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
അഞ്ചുപേർക്കെതിരെയും വകുപ്പുതല നടപടിക്കൊപ്പം ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തി ക്രിമിനൽ നടപടിയും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തുന്നതും പരിശോധിക്കുന്നതായി സൂചനയുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാറിനെതിരെയും ചില ഉദ്യോഗസ്ഥർ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ അന്വേഷണവും തുടർനടപടികളും സംസ്ഥാന പൊലീസ് നേതൃത്വത്തിന്റെ അടുത്ത തീരുമാനങ്ങളിലേക്കാണ് ഇനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
