OpenZone Banner

Last Updated on 10 Sep 2026 • 2:17 PM by Openzone Online

Advertisement

ചെറുതോണി : അടിമാലി–കുമളി ദേശീയപാതയിൽ ചേലച്ചുവടിനും കീരിത്തോടിനും ഇടയിൽ റോഡിന്റെ വശം തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ഐറിഷ് ഓടകളോ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങളോ ഇല്ലാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

മഴ പെയ്യുമ്പോൾ റോഡിന്റെ മുകൾഭാഗത്ത് നിന്നുള്ള വെള്ളം നിയന്ത്രണമില്ലാതെ കുത്തിയൊഴുകി റോഡിന്റെ അരികിലൂടെ താഴേക്ക് പതിക്കുകയാണ്. ഇതോടെ റോഡിന്റെ വശത്തെ മണ്ണും ടാറും ഒലിച്ചുപോയി വലിയ ഭാഗം അടർന്ന നിലയിലാണ്. റോഡിന്റെ അരികിന് തൊട്ടുതാഴെ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ അൽപമൊന്ന് വശത്തേക്ക് മാറിയാൽ പോലും അപകടസാധ്യതയുണ്ട്.

ഇതിനുപുറമെ ഈ ഭാഗത്ത് റോഡിന് ആവശ്യമായ വീതിയില്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. വളവോടുകൂടിയ ഇടുങ്ങിയ ഭാഗമായതിനാൽ രണ്ട് വാഹനങ്ങൾ എതിർദിശയിൽ എത്തുമ്പോൾ സുരക്ഷിതമായി കടന്നുപോകാൻ പോലും ബുദ്ധിമുട്ടാണ് എന്ന് നാട്ടുകാർ പറയുന്നു.

ചേലച്ചുവട് മുതൽ കീരിത്തോട് വരെയുള്ള ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലും സമാനമായ രീതിയിൽ വെള്ളം ഒഴുകി റോഡിന്റെ വശങ്ങൾ തകരുന്ന സ്ഥിതിയുണ്ട്. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനുള്ള കൃത്യമായ സംവിധാനമില്ലാത്തതിനാൽ ഓരോ മഴയിലും റോഡിന്റെ തകർച്ച കൂടുതൽ രൂക്ഷമാകുകയാണ്.

പ്രധാനമായും അടിമാലി–കുമളി ദേശീയപാതയിലൂടെ ദിവസേന നിരവധി വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന സാഹചര്യത്തിൽ, റോഡിന്റെ വീതി കുറവും തകർന്ന അരികുകളും മഴവെള്ളത്തിന്റെ കുത്തൊഴുക്കും വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്.

അപകടം സംഭവിച്ച ശേഷം അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയമായ ഓടകളും ഡ്രെയിനേജ് സംവിധാനവും ഒരുക്കി റോഡിന്റെ തകർന്ന ഭാഗങ്ങൾ അടിയന്തരമായി പുനർനിർമിക്കണമെന്നാണ്. നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. അല്ലാത്തപക്ഷം മഴ ശക്തമാകുന്നതോടെ റോഡിന്റെ കൂടുതൽ ഭാഗം തകരാനും ഗതാഗതം തന്നെ തടസ്സപ്പെടാനും സാധ്യതയുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed