OpenZone Banner

Last Updated on 02 Jun 2026 • 4:47 AM by Openzone Online

Advertisement

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ കാണാനെത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥ. ആശുപത്രിയിൽ ഒ.പി. ചീട്ട് നൽകുന്നതിനായി നിലവിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.

പുരുഷന്മാരുടെ രജിസ്ട്രേഷൻ കൗണ്ടറിൽ മാത്രമാണ് നിലവിൽ ഒരു ജീവനക്കാരൻ സേവനമനുഷ്ഠിക്കുന്നത്. മറ്റൊരു ജീവനക്കാരൻ അവധിയിലാണെന്നാണ് വിവരം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് മെഡിക്കൽ കോളേജിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. പുതിയ ജീവനക്കാരെ നിയമിക്കുന്നതിനായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നവാസ് ടി.ഒയുടെ നേതൃത്വത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് റിക്വസ്റ്റ് നൽകിയിട്ടുണ്ടെങ്കിലും അഭിമുഖം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി നിയമനം നടത്താൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. നിലവിൽ മെഡിക്കൽ കോളേജിന്റെ രണ്ട് ബ്ലോക്കുകളിലായാണ് വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിൽ സൈക്യാട്രി, പീഡിയാട്രിക്സ്, ഗൈനക്കോളജി വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടെ റിസപ്ഷൻ ചുമതല വഹിക്കാൻ ഒരേയൊരു ജീവനക്കാരനാണ് ഉള്ളത്. അതേസമയം സർജറി, അസ്ഥിരോഗ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങൾ പ്രവർത്തിക്കുന്ന പുതിയ മന്ദിരത്തിലാണ് കൂടുതൽ രോഗികൾ എത്തുന്നത്. ഇവിടെയും റിസപ്ഷൻ കൗണ്ടറിൽ ഒരു ജീവനക്കാരൻ മാത്രമാണ് സേവനം നടത്തുന്നത്.

രോഗികളുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഒരു ജീവനക്കാരനെ താൽക്കാലികമായി റിസപ്ഷനിൽ നിയമിച്ചിരുന്നുവെങ്കിലും, മറ്റൊരു ജോലി ലഭിച്ചതിനെ തുടർന്ന് അദ്ദേഹം സേവനം അവസാനിപ്പിച്ചതായാണ് വിവരം. രോഗികളുടെ ദുരിതം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്. പി.എസ്.സി മുഖേന സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതാണ് ശാശ്വത പരിഹാരമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ വർഷങ്ങളായി ഇത്തരം തസ്തികകൾ സ്ഥിര നിയമനത്തിനായി റിപ്പോർട്ട് ചെയ്യപ്പെടാതെ തുടരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

ഇന്ന് രാവിലെ മണിക്കൂറുകളോളം രോഗികൾ ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ശ്രദ്ധയിൽപ്പെട്ട ഉടനെ ഡോക്ടർ നവാസ് ടി ഒ മറ്റ് ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടുകൂടി പുതിയ സ്റ്റാഫിനെ താൽക്കാലികമായി നിയമിച്ച ഇന്നത്തെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഈ സേവനം തുടരുമെന്നും പി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി പുതിയ സ്റ്റാഫ് എത്തുന്നത് വരെ രോഗികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ, നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും ആശുപത്രി സൂപ്രണ്ട് ഡോക്ടർ നവാസ് ടി ഒ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed