Last Updated on 28 Sep 2026 • 8:32 AM by Openzone Online

Advertisement

ചെറുതോണി: ലഹരി മാഫിയക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ ജനകീയ പങ്കാളിത്തത്തോടെ തദ്ദേശതലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. തൂഫാൻ തദ്ദേശം – ലഹരിക്കെതിരെ ജനസേന എന്ന പദ്ധതിയുടെ ഭാഗമായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലും തൂഫാൻ വാരിയേഴ്സിനെ തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടന്ന പരിപാടിയിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തിൽ, ലഹരിവിരുദ്ധ പോരാട്ടത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ഘട്ടത്തിൽ പോലും ഒരു നേതാവും ഒരു രാഷ്ട്രീയപാർട്ടിയും ഇത് നമ്മുടെ പാർട്ടിക്കാരനാണെന്ന് പറഞ്ഞ് തൂഫാൻ വിഷയത്തിൽ ഇടപെട്ടിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾക്ക് അതീതമായി ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.സംസ്ഥാനതലത്തിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളിലും വാർഡുകളിലും തൂഫാൻ വാരിയേഴ്സ് എന്ന പേരിൽ അംഗങ്ങളെ തെരഞ്ഞെടുത്ത് ലഹരി ഉപയോഗത്തിനും വിതരണത്തിനുമെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കേരള പൊലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനിൽ തൂഫാൻ വാരിയേഴ്സ് ഉൾപ്പെടെയുള്ള ജനകീയ പങ്കാളിത്ത പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്ത് തല പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ആൻസി തോമസ് നിർവഹിച്ചു. ഇടുക്കി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിബിൻ ടി.ബി തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സെലിൻ വിൻസൻറ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. തൂഫാൻ വാരിയേഴ്സായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ചടങ്ങിൽ ബാഡ്ജുകളും വിതരണം ചെയ്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed