Last Updated on 30 Oct 2026 • 5:35 AM by Openzone Online

Advertisement

കട്ടപ്പന:ഇടുക്കി ഉപ്പുതറയിൽ പുലർച്ചെ 1.20ന് ഉണ്ടായ ബൈക്ക് അപകടം രണ്ട് യുവാക്കളുടെ ജീവനാണ് കവർന്നത്. ആലടി വരിക്കാനി സ്വദേശി നോയൽ തോമസും മേരികുളം ആറേക്കർ ആരംപുളിക്കൽ സ്വദേശി സാനീഫ് സലിമുമാണ് മരിച്ചത്.

ആലടിയിൽനിന്ന് മേരികുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനം അയ്യപ്പൻകോവിലിന് സമീപം പരപ്പിൽ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. വീണ്ടും രണ്ട് വീടുകളിൽ കണ്ണീർ. പുലർച്ചെ ഉറക്കമുണരേണ്ടത് മക്കളുടെ തിരിച്ചുവരവ് കാത്തിരുന്ന മാതാപിതാക്കളായിരിക്കേണ്ടിയിരുന്നു. പകരം കേൾക്കേണ്ടിവന്നത് ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത മരണവാർത്ത.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയായി യുവാക്കൾ ഉൾപ്പെടുന്ന വാഹനാപകടങ്ങൾ തുടർച്ചയായി വാർത്തകളാകുകയാണ്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടായ അപകടങ്ങളും അമിതവേഗതയുമായി ബന്ധപ്പെട്ട ദാരുണ സംഭവങ്ങളും സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.ഇവിടെ ചർച്ച ചെയ്യേണ്ടത് അപകടത്തിന്റെ കാരണങ്ങൾ മാത്രമല്ല.

കൗമാരത്തിനും യൗവനത്തിനുമിടയിലുള്ള ഒരു പ്രായമുണ്ട്. സാഹസികതയോടും വേഗതയോടും കൂട്ടുകാരുടെ മുന്നിൽ കഴിവ് തെളിയിക്കാനുള്ള ആവേശത്തോടും കൂടുതൽ താൽപര്യം തോന്നാവുന്ന പ്രായം. ആ പ്രായത്തെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച്, ആ പ്രായത്തിലുള്ളവരെ കൂടുതൽ കരുതലോടെ ബോധവത്കരിക്കുകയാണ് വേണ്ടത്.

വാഹനം ഓടിക്കാൻ ലൈസൻസ് ലഭിച്ചു എന്നതുകൊണ്ട് മാത്രം മാതാപിതാക്കളുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. പ്രത്യേകിച്ച് പാതിരാത്രിയിലും പുലർച്ചെയുമുള്ള അനാവശ്യ യാത്രകളുടെ കാര്യത്തിൽ കുടുംബങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. എവിടേക്കാണ് പോകുന്നത്, എപ്പോഴാണ് തിരിച്ചെത്തുക, യാത്രയുടെ ആവശ്യമെന്താണ് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയുന്നത് മക്കളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമല്ല; അവരുടെ ജീവൻ സുരക്ഷിതമാക്കാനുള്ള മാതാപിതാക്കളുടെ കരുതലാണ്.

ലൈസൻസുള്ളവരാണെങ്കിലും ഒരു നിശ്ചിത പ്രായഘട്ടം വരെ മക്കളുടെ യാത്രകളിൽ മാതാപിതാക്കൾ ശ്രദ്ധയും നിയന്ത്രണവും പുലർത്തേണ്ടതുണ്ട്. വാഹനത്തിന്റെ താക്കോൽ കൈമാറുമ്പോൾ അതിനൊപ്പം വലിയൊരു ഉത്തരവാദിത്വം കൂടി കൈമാറുകയാണെന്ന് ഓരോ രക്ഷിതാവും തിരിച്ചറിയണം.

അതേസമയം, രാത്രികാല പോലീസ് പട്രോളിങ്ങും പരിശോധനകളും കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് രാത്രി വൈകിയും പുലർച്ചെയും നടക്കുന്ന പരിശോധനകളിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നവരെയും പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകുന്നവരെയും കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണം.

സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ ബോധവത്കരണം കൂടുതൽ കാര്യക്ഷമമാക്കുകയും വേണം.ഓരോ അപകടം നടക്കുമ്പോഴും കുറച്ചുദിവസം ചർച്ചകൾ നടക്കും. പിന്നീട് എല്ലാം പഴയപടിയാകും. എന്നാൽ നഷ്ടപ്പെട്ട ജീവനുകൾ തിരിച്ചുവരില്ല. മക്കളെ കാത്തിരിക്കുന്ന മാതാപിതാക്കളുടെ പ്രതീക്ഷകളും കുടുംബങ്ങളുടെ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട് തകർന്നുപോകും.

മക്കൾക്ക് ലൈസൻസ് എടുത്തുകൊടുക്കുന്നതുകൊണ്ട് മാതാപിതാക്കളുടെ ഉത്തരവാദിത്വം തീരുന്നില്ല. അവർ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള കരുതൽ കൂടിയാണ് രക്ഷാകർതൃത്വം. പാതിരാത്രിയിലെ ഓരോ അനാവശ്യ യാത്രയ്ക്കും പിന്നിൽ ഒരു അപകടസാധ്യതയുണ്ട്. ആ യാത്ര കഴിഞ്ഞ് മക്കൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു വീടുമുണ്ട്. ആ കാത്തിരിപ്പ് ഒരിക്കലും കണ്ണീരിലാകാതിരിക്കട്ടെ.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed