OpenZone Banner

Last Updated on 13 Aug 2026 • 1:18 PM by Openzone Online

Advertisement

ഇടുക്കി: എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഏലത്തോട്ടം സൂപ്പർവൈസറായിരുന്ന പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 14 വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധിയുണ്ടായത്. ശിക്ഷ ഈ മാസം 18ന് വിധിക്കും.

2012 ജനുവരി 3-നാണ് വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിലെ പാമ്പാടുംപാറ കാപ്പിത്തോട്ടത്തിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കട്ടപ്പന കടമാകുഴി ഭാഗത്തെ കണ്ണമുണ്ട ഏലത്തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന മാത്യുദേവസ്യ എന്ന തങ്കച്ചനും അതേ തോട്ടത്തിലെ തൊഴിലാളിയായിരുന്ന അമ്പിളിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിൽ അമ്പിളി ഗർഭിണിയാകുകയും ചെയ്തു. അമ്പിളി അവിവാഹിതയായിരുന്നപ്പോൾ പ്രതിക്ക് ഭാര്യയും കുട്ടികളുമുണ്ടായിരുന്നു.

അമ്പിളി പ്രസവിച്ചാൽ തന്റെ കുടുംബജീവിതത്തെയും സമൂഹത്തിലെ സൽപ്പേരിനെയും ബാധിക്കുമെന്ന ഭയത്തിലാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ കേസ്.

2012 ജനുവരി 3ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ അമ്പിളിയെ പാമ്പാടുംപാറ ആനകുത്തി ഭാഗത്തേക്ക് പ്രതി വിളിച്ചുവരുത്തുകയായിരുന്നു.

കൊലപാതകത്തിനും മൃതദേഹം മറയ്ക്കുന്നതിനുമായി മുൻകൂട്ടി തയ്യാറെടുത്ത പ്രതി കട്ടപ്പനയിൽനിന്ന് പ്ലാസ്റ്റിക് കയറും പടുതയും വാങ്ങി ബിഗ് ഷോപ്പറിലാക്കി ഓട്ടോറിക്ഷയിൽ ആനകുത്തിയിലെത്തി. അമ്പിളി നിശ്ചയിച്ച സ്ഥലത്തെത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രതി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.

തുടർന്ന് പ്രതിക്ക് മുൻപരിചയമുള്ളതും വിജനവുമായ പാമ്പാടുംപാറ എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിലെത്തിച്ച എട്ടുമാസം ഗർഭിണിയായ അമ്പിളിയെ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുടർന്ന് തെളിവ് നശിപ്പിക്കാൻ മൃതദേഹം നീല പടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി തോട്ടത്തിലെ കുളത്തിൽ താഴ്ത്തി.

ജോലിക്ക് പോയ അമ്പിളി തിരിച്ചെത്താതായതോടെ ബന്ധുക്കളും ജോലിസ്ഥലത്തും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മാതാപിതാക്കൾ മാൻമിസ്സിംഗിന് കട്ടപ്പന പോലീസിൽ പരാതി നൽകി. അമ്പിളിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ പ്രതിയായ മാത്യുദേവസ്യ എന്ന തങ്കച്ചൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.

2012 ജനുവരി 14ന് പാമ്പാടുംപാറ കാപ്പിത്തോട്ടത്തിലെ തൊഴിലാളികൾ കുളത്തിൽനിന്ന് ദുർഗന്ധം വമിക്കുന്ന നീല പടുതക്കെട്ട് കണ്ടെത്തി പോലീസിൽ വിവരം അറിയിച്ചു. വണ്ടൻമേട് പോലീസ് നടത്തിയ പരിശോധനയിൽ കെട്ടിനുള്ളിൽ ഒരു സ്ത്രീയുടെയും പൊക്കിൾക്കൊടി വേർപെടാത്ത കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. പിന്നീട് മാതാപിതാക്കൾ മൃതദേഹം അമ്പിളിയുടേതാണെന്ന് തിരിച്ചറിഞ്ഞു.

ശാസ്ത്രീയ പരിശോധനകളും ഡിഎൻഎ പരിശോധനയും കേസിൽ നിർണായകമായി. കൊല്ലപ്പെട്ടത് അമ്പിളിയാണെന്നും മൃതദേഹത്തോടൊപ്പം കണ്ടെത്തിയ നവജാതശിശുവിന്റെ പിതാവ് പ്രതി തന്നെയാണെന്നും ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ കേസിന് ശക്തമായ പിന്തുണയായി.

കേസ് അന്വേഷിച്ച് പ്രതിക്കെതിരെ പഴുതടച്ച കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ റെജി എം. കുന്നിപ്പറമ്പനായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 32 സാക്ഷികളെ വിസ്തരിച്ചു. 52 പ്രമാണങ്ങൾ തെളിവിൽ കൊണ്ടുവരികയും 23 തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

വിചാരണയ്ക്കൊടുവിൽ മാത്യുദേവസ്യയെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 201 വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ്. പണിക്കർ കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ വിധിക്കുന്നതിനായി കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും.

പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്.എസ്. ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിക്കുന്നതിനായി ലെയ്സൺ ഓഫീസർ രമേഷും പ്രോസിക്യൂഷൻ സഹായികളായി പോലീസുകാരായ ഇർഷാദ്, സൂരജ് എന്നിവരും പ്രവർത്തിച്ചു.

14 വർഷം നീണ്ട വിചാരണയ്ക്കൊടുവിൽ ആണ് ഗർഭസ്ഥ ശിശുവിനും അമ്മയ്ക്കും നീതി ലഭിക്കുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed