Last Updated on 11 Sep 2026 • 3:47 AM by Openzone Online

പാലക്കാട്:ജുഡോ ചാമ്പ്യൻഷിപ്പിന് എത്തിയവർ കരുതിയത് മത്സരത്തിൽ എതിരാളിയെ മാത്രം മലർത്തിയടിച്ചാൽ മതി എന്നായിരുന്നു. പക്ഷേ പാലക്കാട് വൈദ്യുതി വകുപ്പിന്റെ വക അപ്രതീക്ഷിതമായൊരു സർപ്രൈസ് റൗണ്ട് കൂടി എത്തിയതോടെ മത്സരം മറ്റൊരു തലത്തിലേക്ക്.
ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ ജുഡോ ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നതിനിടെ രാത്രി 7.30ന് വൈദ്യുതി പോയി. പിന്നെ എന്ത്… വെളിച്ചത്തിനായി മൊബൈൽ ഫോണുകൾ ടോർച്ചായി. ജുഡോ താരങ്ങൾ എതിരാളികളെ വീഴ്ത്തുന്നതിനൊപ്പം ഇരുട്ടിനെയും നേരിടേണ്ട അവസ്ഥ.


ഒടുവിൽ ജനറേറ്റർ എത്തിയതോടെയാണ് മത്സരം വീണ്ടും വെളിച്ചത്തിലായത്. എന്നാൽ ജനറേറ്റർ വന്നത് മത്സരവേദിയിലേക്കാണ്. ട്രോളുകൾ വന്നത് സോഷ്യൽ മീഡിയയിലേക്കുംഓപ്പറേഷൻ നീട്ടി വയ്ക്കുന്നു അപ്പോഴാണ് അവൻറെ ജൂഡോ എന്ന കമന്റുമായി ചിലർ.
10 വർഷം കൊണ്ടും ഒരു പവർബാക്കപ്പ് പോലും കൊടുക്കാൻ പറ്റിയില്ലേ? എന്ന പരിഹാസവും ഉയർന്നു.അതേസമയം, കനത്ത ചൂടിൽ ജനങ്ങളെ വലയ്ക്കുന്ന വൈദ്യുതി നിയന്ത്രണവും തുടരുകയാണ്. വൈകിട്ട് 6.45 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ആവശ്യമാണെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
അതിനിടെ സോഷ്യൽ മീഡിയയിലെ ചോദ്യം മറ്റൊന്നാണ്—വൈദ്യുതി നിയന്ത്രണം പീക്ക് സമയത്താണെങ്കിൽ, കേരളത്തിലെ ജനങ്ങളുടെ ക്ഷമയ്ക്ക് എപ്പോഴാണ് നിയന്ത്രണം വരിക?ഈ മാസം അവസാനം വരെ നിയന്ത്രണം തുടരുമെന്നാണ് കെഎസ്ഇബി അറിയിപ്പ്. പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണം.
എന്നാൽ കമന്റുകളിൽ കാര്യങ്ങൾ അത്ര വെളിച്ചമുള്ളതല്ല.പ്രതിസന്ധിക്ക് ഉത്തരവാദി ആരെന്ന ചർച്ചയ്ക്ക് മാത്രം ഇപ്പോഴും ഫുൾ വോൾട്ടേജ് .കഴിഞ്ഞ സർക്കാരിന്റെ നടപടികളാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. അടിയന്തരമായി ഇടപെടണമെന്നും കെപിസിസി ഭാരവാഹി യോഗത്തിൽ ആവശ്യമുയർന്നു.ഇതിനിടെ മന്ത്രി പറയുന്നത്—ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നത് ചിലയിടങ്ങളിൽ മാത്രമാണെന്നാണ്.
പക്ഷേ പാലക്കാട്ടെ ജുഡോ വേദിയിൽ വൈദ്യുതി പോയപ്പോൾ മൊബൈൽ ടോർച്ച് തെളിച്ചവർക്ക് അതൊന്നും വലിയ ആശ്വാസമല്ല.കാരണം ജുഡോയിൽ എതിരാളിയെ ലോക്ക് ചെയ്യാം…പക്ഷേ കരണ്ടിനെ എങ്ങനെ ലോക്ക് ചെയ്യും?ഒടുവിൽ സോഷ്യൽ മീഡിയ പറയുന്നത് ഇതാണ്—മത്സരം ജയിക്കാൻ താരങ്ങൾക്ക് പരിശീലനം വേണം. വൈദ്യുതി പോകുമ്പോൾ ഇരുട്ടിൽ ഇരിക്കാൻ ജനങ്ങൾക്ക് പരിശീലനം വേണ്ടിവരുന്ന കാലമാണിത്.

