OpenZone Banner

Last Updated on 01 May 2026 • 9:21 AM by Openzone Online

Advertisement

ഒരുകാലത്ത് പുഴു കല്ല് അരി, എന്ന് പേരെടുത്ത് മലയാളികളുടെ ഓർമ്മയിൽ ഇടം നേടിയിരുന്ന റേഷൻ അരി, പുതിയ രൂപത്തിൽ വീണ്ടും തിരിച്ചെത്തിയെന്നാണിപ്പോൾ പേപ്പാറ നിവാസികളുടെ അനുഭവം. ഇത്തവണ ഈ സ്പെഷ്യൽ അരി വേവിച്ച് ചോറുണ്ണാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത് ഇടുക്കി താലൂക്കിലെ വാഴത്തോപ്പ് പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങൾക്കാണ്. കഥ ഇങ്ങനെ…

വാഴത്തോപ്പ് പേപ്പാറയിൽ പ്രവർത്തിക്കുന്ന ARD 34 നമ്പർ റേഷൻ കടയിൽ നിന്നാണ് ഈ വിശേഷ , അരി വിതരണം ചെയ്തതെന്ന ആരോപണം ഉയർന്നത്. ചെള്ള് നിറഞ്ഞതും, കട്ടകെട്ടിയ നിലയിലും, മാലിന്യങ്ങൾ കലർന്നതുമായ അരിയുമായി യുവാവ് നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസിൽ എത്തി പരാതി നൽകി.

ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് അരി ചാക്ക് തുറന്നതോടെ ചാക്കിനുള്ളിൽ സന്തോഷത്തോടെ കഴിയുകയായിരുന്ന ചെള്ളുകൾ ഓഫീസ് മുറിയിലാകെ പരന്നു. ഇതോടെ പരിഭ്രാന്തരായ ഉദ്യോഗസ്ഥർ റേഷൻ കടയുടെ നടത്തിപ്പുകാരനെ വിളിച്ച് അലറി കട പൂട്ടിക്കും എന്ന വാണിംങ്ങും നൽകി. എന്നാൽ ഇതിന് മറുപടിയായി നടത്തിപ്പുകാരൻ പറഞ്ഞത്, ഉപഭോക്താവ് പന്നിക്ക് കൊടുക്കാൻ എന്ന വിധേന അരി വാങ്ങിക്കൊണ്ടു പോവുകയായിരുന്നു എന്നാണ്. പക്ഷേ ഈ വിശദീകരണം ഉദ്യോഗസ്ഥർക്ക് അത്ര വിശ്വാസയോഗ്യമായില്ല.

ഞങ്ങളും അരി കഴിച്ചാണ് ജീവിക്കുന്നതെന്ന് അതിൽ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പക്ഷേ ഇമ്മാതിരി അരി അല്ല എന്ന് മാത്രം.ആദിവാസികൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾ ആശ്രയിക്കുന്ന റേഷൻ സംവിധാനത്തിൽ ഇത്തരത്തിലുള്ള അരി വിതരണം ചെയ്യുന്നത് ഗൗരവകരമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥർ നേരിട്ട് കടയിലെത്തി പരിശോധന നടത്തി.

സ്റ്റോക്ക് രജിസ്റ്റർ പരിശോധിക്കുകയും ഉപഭോക്താക്കളിൽ നിന്ന് മൊഴികൾ ശേഖരിക്കുകയും ചെയ്തു.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, പുഴു കല്ല് അരി യുടെ തിരിച്ചുവരവ് ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളോടുള്ള വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്നതായാണ് പ്രദേശവാസികളുടെ പ്രതികരണം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed