OpenZone Banner

Last Updated on 28 May 2026 • 7:08 AM by Openzone Online

Advertisement

തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും പേരിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്നതിനിടെ, സിപിഎം പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിമർശനങ്ങൾ പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ഇഡി അന്വേഷണം വന്നാൽ പ്രതിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധം, അന്ധമായ പാർട്ടി അടിമത്തമാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിൽ, തുടങ്ങിയ കോൺഗ്രസ് വാദങ്ങൾ ഉയരുന്നതിനിടെയാണ്, അതേ കോൺഗ്രസ് തന്നെ ദേശീയതലത്തിൽ ഇഡിക്കെതിരെ സമരമുഖത്തിറങ്ങിയ പഴയ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിക്കും എതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചപ്പോൾ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തത്.

ഡൽഹിയിൽ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് വരെ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. ഇഡി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധമാണ്, പ്രതിപക്ഷത്തെ വേട്ടയാടാനാണ് അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, എന്നീ ആരോപണങ്ങളും അന്ന് കോൺഗ്രസ് ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ കേരളത്തിൽ സിപിഎം നേതാക്കളെതിരെ അന്വേഷണം വരുമ്പോൾ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് അതിന്റെ പൂർണ വിരുദ്ധമാണെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ വിമർശനം.

സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുമ്പോൾ അതിനെ അന്വേഷണ ഭയം, അഴിമതി മറയ്ക്കാനുള്ള ശ്രമം, അന്ധ പാർട്ടി വിശ്വാസം, എന്നിങ്ങനെ വിശേഷിപ്പിക്കുന്ന കോൺഗ്രസ്, സ്വന്തം നേതാക്കൾക്കെതിരെ അന്വേഷണം വന്നപ്പോൾ രാജ്യവ്യാപക സമരത്തിന് നേതൃത്വം നൽകിയതെന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.

ഞങ്ങൾ ഇടുമ്പോൾ ബർമുഡ, നിങ്ങൾ ധരിക്കുമ്പോൾ വള്ളി ട്രൗസർ എന്ന പഴയ മലയാള പ്രയോഗം പോലെയാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടെന്ന് സോഷ്യൽ മീഡിയയിലും വിമർശനം ശക്തമാണ്. സ്വന്തം നേതാക്കളെതിരായ അന്വേഷണം രാഷ്ട്രീയ പ്രതികാരമെന്നും, എതിരാളികളെതിരായ അന്വേഷണം നീതിപൂർണ നടപടിയെന്നുമുള്ള ഇരട്ടത്താപ്പാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നാണ് വിമർശകർ ആരോപിക്കുന്നത്.

അതേസമയം, അന്വേഷണ ഏജൻസികളുടെ നടപടികൾക്കെതിരെ പ്രതിഷേധിക്കുക എന്നത് ജനാധിപത്യാവകാശമാണെന്ന് സിപിഎം വാദിക്കുന്നു. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.ഇതോടെ ഇഡി ശരിയാണോ തെറ്റാണോ? എന്ന ചർച്ചയേക്കാൾ ആർക്കെതിരെ വന്നാൽ ശരി, ആർക്കെതിരെ വന്നാൽ തെറ്റ്? എന്ന രാഷ്ട്രീയ ഇരട്ടത്താപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും പൊതുചർച്ചകളിലും കൂടുതൽ ശ്രദ്ധ നേടുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed