OpenZone Banner

Last Updated on 19 Aug 2026 • 3:13 AM by Openzone Online

Advertisement

ഇടുക്കി: ചെറുതോണി–മണിയാറൻകുടി റോഡിലെ ഞാവൽ ചുവട് പാലത്തിൽ ജലവിഭവ വകുപ്പിന്റെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് ഇപ്പോൾ നാട്ടുകാർക്ക് അത്ര വലിയ അത്ഭുതമൊന്നുമല്ല. പതിവായി പൊട്ടുന്ന പൈപ്പിലൂടെ വെള്ളം പേപ്പാറ തോട്ടിലേക്കും അവിടെനിന്ന് പെരിയാറിലേക്കും ഒടുവിൽ ആലുവയിലേക്കുമുള്ള യാത്ര തുടരുകയാണ്. ഓരോ തുള്ളി വെള്ളവും ഇടുക്കി അണക്കെട്ടിൽ സൂക്ഷിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും കുടിവെള്ളമായി വീടുകളിലെത്തിക്കാനും അധികൃതർ കണക്കുകൂട്ടുമ്പോഴാണ്, വാട്ടർ അതോറിറ്റി സ്വന്തം വകുപ്പിന്റെ വെള്ളം പെരിയാറിലേക്ക് എത്തിക്കുന്ന മഹത്തായ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാധ്യമങ്ങൾ പലതവണ ഈ വെള്ളച്ചാട്ടത്തിന്റെ കഥ പറഞ്ഞതാണ്. വാർത്ത വന്നു, പോയി, പൈപ്പ് വീണ്ടും പൊട്ടി, വെള്ളം വീണ്ടും ഒഴുകി. അങ്ങനെ വാർത്തകൾക്ക് പിന്നാലെ പൈപ്പ് പൊട്ടുന്നതും പൈപ്പ് പൊട്ടിയതിന് പിന്നാലെ വാർത്ത വരുന്നതും നാട്ടിലെ ഒരു സ്ഥിരം പരിപാടിയായി. പുതിയ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിടുമ്പോഴേക്കും ഏകദേശം 30 തവണയെങ്കിലും ഈ പൈപ്പ് ലൈൻ പൊട്ടിയെന്നാണ് നാട്ടുകാരുടെ പരാതി. അതായത്, പൈപ്പിന് കലണ്ടർ നോക്കേണ്ട ആവശ്യമില്ല. സ്വന്തമായി പൊട്ടാനുള്ള തീയതി തീരുമാനിച്ചാണ് ഓരോ തവണയും രംഗപ്രവേശം.കാസ്റ്റൺ പൈപ്പാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.

വർഷങ്ങളുടെ പഴക്കമുള്ള പൈപ്പ് ഇപ്പോൾ തുരുമ്പെടുത്ത് ക്ഷീണിച്ച അവസ്ഥയിലാണ്. എത്ര തവണ അറ്റകുറ്റപ്പണി നടത്തിയാലും പ്രശ്നത്തിന് സ്ഥിരപരിഹാരമാകുന്നില്ല. പൈപ്പിന് ചികിത്സ നൽകുന്നതിനു പകരം ഇടയ്ക്കിടെ ബാൻഡേജ് കെട്ടി വീണ്ടും ജോലിക്കയക്കുന്ന രീതിയാണ് തുടരുന്നതെന്നാണ് നാട്ടുകാരുടെ പരിഹാസം.

താന്നിക്കണ്ടം വാഴത്തോപ്പ് മലകൾ ചേരുന്ന സമതല പ്രദേശമാണ് ഞാവൽച്ചുവട്. ഇരുവശത്തുനിന്നുമുള്ള വെള്ളത്തിന്റെ സമ്മർദ്ദം ഞാവൽച്ചുവടിലെ പാലത്തിന്റെ മുകൾഭാഗത്തുകൂടി കടന്നുപോകുന്ന പൈപ്പിന് മേൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നതാണ് പൈപ്പ് ഇടയ്ക്കിടെ പൊട്ടാനുള്ള പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.എന്നാൽ പൈപ്പ് മാറ്റി സ്ഥാപിക്കുക എന്ന വലിയ സ്വപ്നം കാണാൻ പോലും അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പരാതി.

ഇതിനിടെ വെള്ളം ഒഴുകിക്കൊണ്ടേയിരിക്കും. മാധ്യമങ്ങൾ വാർത്ത നൽകിക്കൊണ്ടേയിരിക്കും. അധികൃതർ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടേയിരിക്കും. പൈപ്പ് വീണ്ടും പൊട്ടിക്കൊണ്ടേയിരിക്കും.ഒടുവിൽ നാട്ടുകാർക്ക് ഒരു സംശയം മാത്രം:ഇത് കുടിവെള്ള പൈപ്പ് ലൈനാണോ, അതോ ഇടുക്കിയിൽ നിന്ന് ആലുവയിലേക്ക് വെള്ളം എത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ എക്സ്പ്രസ് പൈപ്പ്‌ലൈൻ ആണോ?പൈപ്പ് മാറ്റി സ്ഥാപിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്തതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധവും അമർഷവും ഉയരുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed