Last Updated on 10 Jun 2026 • 8:50 AM by Openzone Online

ഇടുക്കി: അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് മയക്കുമരുന്നുകൾ ഇന്ത്യയിലേക്ക് വ്യാപകമായി എത്തുന്നതെന്നും ഇന്ത്യയിലെ യുവജനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും എസ്.പി. സാബു മാത്യു പറഞ്ഞു. രാജ്യത്ത് കഞ്ചാവിന്റെ വ്യാപനത്തിന് പ്രധാന കാരണമായത് ആഭ്യന്തര തീവ്രവാദ സംഘടനകളായ മാവോയിസ്റ്റുകളാണെന്നും അത് അവരുടെ ആയുധ വ്യാപാരത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കുറഞ്ഞതോടെ സിന്തറ്റിക് ഡ്രഗുകളുടെ വ്യാപനം വർധിച്ചിരിക്കുകയാണെന്നും ഇത് കൂടുതൽ അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനായാണ് ഓപ്പറേഷൻ തൂഫാൻ പദ്ധതി നടപ്പാക്കുന്നതെന്നും വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി സംബന്ധമായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നും അത് വിദ്യാർത്ഥികളെയും യുവജനങ്ങളെയും ഇത്തരം വിപത്തുകളിൽ നിന്ന് രക്ഷിക്കുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പോലീസിലേക്ക് രഹസ്യമായി വിവരങ്ങൾ കൈമാറുന്നതിനുള്ള പോസ്റ്ററുകൾ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രകാശനവും എസ്.പി. നിർവഹിച്ചു.

ഇടുക്കി ഡിവൈ.എസ്.പി. ഷിജു പി. എസ്. അധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തി. കത്തീഡ്രൽ വികാരി ഫാ. ടോമി ആനക്കുഴിക്കാട്ടിൽ ലഹരിവിരുദ്ധ സന്ദേശം നൽകി. സബ് ഇൻസ്പെക്ടർ ആതിര പവിത്രൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അവയർനസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സബ് ഇൻസ്പെക്ടർ സന്തോഷ് സി. ആർ., പ്രിൻസിപ്പൽ ജിജോ ജോർജ്, ഹെഡ്മിസ്ട്രസ് അർച്ചന തോമസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയൻ എ. ജെ. എന്നിവർ പ്രസംഗിച്ചു.
