Last Updated on 13 Jun 2026 • 6:03 AM by Openzone Online

ചുരുളിപ്പതാൽ ഇടതട്ടിൽ കാട്ടാന ആക്രമണത്തിൽ സഹോദരങ്ങളുടെ വീടുകൾ തകർന്നു. ചേലച്ചുവട്ടിൽ പത്രോസ്, ബേബി എന്നിവരുടെ വീടുകളാണ് ഇന്നലെ രാത്രിയിൽ കാട്ടാനകൾ ആക്രമിച്ച് നശിപ്പിച്ചത്. സംഭവസമയത്ത് വീടുകളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
പത്രോസ് മകനുമായി ആശുപത്രിയിൽ പോയിരുന്നതിനാൽ കുടുംബം വീട്ടിലുണ്ടായിരുന്നില്ല. ബേബിയുടെ കുടുംബവും വീട്ടിൽ നിന്ന് മാറിനിന്ന സമയത്താണ് കാട്ടാനകൾ എത്തിയത്. ഇതോടെ മനുഷ്യജീവന് ഭീഷണിയുണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു.

രാത്രിയോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകൾ വീടുകളുടെ വാതിലുകളും ജനാലകളും തകർത്താണ് അകത്ത് കടന്നത്. വീടിനുള്ളിലെ വാഷിംഗ് മെഷീൻ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും വീട്ടുപകരണങ്ങളും വ്യാപകമായി നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഭാഗങ്ങൾ തകർത്ത കാട്ടാനകൾ അരിയുൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും തിന്നു. വീടുകളുടെ ഉൾഭാഗങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന ജനവാസ മേഖലയിലാണ് സംഭവം. സമീപ വനമേഖലയായ പാൽക്കുളം, മണിയാറൻ കുടി ഭാഗങ്ങളിൽ നിന്നാണ് കാട്ടാനകൾ സ്ഥിരമായി ഈ പ്രദേശത്തേക്ക് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കർഷകരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും കൃഷിഫലങ്ങൾ തിന്നുന്നതും ഇവിടെ പതിവായിരിക്കുകയാണ്.തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ശല്യം കാരണം പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്.

ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ എത്തുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.ഭവനങ്ങൾ തകർന്ന കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും കൃഷിനാശം നേരിടുന്ന കർഷകർക്ക് യഥാസമയം സഹായം ലഭ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
