Last Updated on 08 Jun 2026 • 6:55 AM by Openzone Online

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കെഎസ്ആർടിസി സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നിലവിൽ വരും. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. 100 ദിവസത്തെ പ്രവർത്തനവും സാമ്പത്തിക ബാധ്യതയും വിലയിരുത്തിയ ശേഷം ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും.
സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുടെ മുഴുവൻ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ വിഭാഗം സ്ത്രീകൾക്കും യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ആനുകൂല്യം ലഭ്യമാക്കാനാണ് തീരുമാനം.

സംസ്ഥാനത്ത് പ്രതിദിനം ശരാശരി 23 ലക്ഷം പേര്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം (ഏകദേശം 10 മുതല്‍ 12 ലക്ഷം വരെ) സ്ത്രീകളാണ്. ഇത്രയും വലിയൊരു വിഭാഗത്തിന് സൌജന്യയാത്ര അനുവദിക്കുമ്പോള്‍ കോര്‍പ്പറേഷനുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടം പൂര്‍ണ്ണമായും സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കും. ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന് മൂന്ന് മാസത്തേക്ക് ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആര്‍ടിസി കണക്കാക്കുന്നത്.
എന്നാൽ പദ്ധതിക്കെതിരെ ഇടതുപക്ഷ യൂണിയനുകളിൽ നിന്ന് ഇപ്പോൾതന്നെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ വലിയ സാമ്പത്തിക കടത്തിലേക്ക് ആയിരിക്കും ഇത്തരത്തിലുള്ള പദ്ധതികൾ കൊണ്ടുവന്നെത്തിക്കുക എന്നതാണ് സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം.

