OpenZone Banner

Last Updated on 23 Aug 2026 • 4:00 PM by Openzone Online

Advertisement

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്തിലെ മാമച്ചൻകുന്ന് മേഖലയിൽ വനവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മിലുണ്ടായ തർക്കം പുതിയ തലത്തിലേക്ക്. പ്രദേശവാസിയായ ടിജോ പി. ജോയിക്കെതിരെ കഞ്ഞിക്കുഴി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കാഞ്ചിയാർ സ്വദേശിയായ വനവകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് വിവരം.

പരാതിയിൽ ടിജോ പി. ജോയ് ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥൻ കഞ്ഞിക്കുഴിയിലെത്തിയാൽ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞതായും ആരോപിക്കുന്നതായി അറിയുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ഇത്തരത്തിലുള്ള ഭീഷണി വ്യക്തമാകുന്നില്ലെന്നാണ് ടിജോ പി. ജോയിയെ പിന്തുണയ്ക്കുന്നവരുടെ വാദം. എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില വിവരങ്ങളുടെ കൃത്യതയെക്കുറിച്ചും നാട്ടുകാർ സംശയം ഉന്നയിക്കുന്നുണ്ട്.

മാമച്ചൻകുന്നിൽ വനവകുപ്പ് സ്ഥാപിച്ചിരുന്ന ജണ്ട പൊളിച്ചുനീക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് നിലവിലെ തർക്കത്തിന് തുടക്കമായതെന്നാണ് പ്രദേശവാസികളുടെ വിശദീകരണം. ജണ്ട പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ വീടുകളിൽ നിന്ന് മൊഴിയുടെയും ഒപ്പുകളുടെയും അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വനവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു.

(മാമച്ചൻ കുന്നിൽ ജണ്ട പൊളിച്ചുനീക്കിയ നിലയിൽ)

മൂന്ന് വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെ മറ്റൊരു വീട്ടിലെത്തിയപ്പോൾ പ്രദേശത്തെ ഒരു സംഘടനയുമായി ബന്ധപ്പെട്ട ചിലർ ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നാണ് വനവകുപ്പിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.അതേസമയം, കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണ് മുന്നോട്ടുവയ്ക്കുന്നത്.

കഞ്ഞിക്കുഴി സ്വദേശിയായ ഒരു വനവകുപ്പ് ഉദ്യോഗസ്ഥനും പ്രദേശത്തെ ഒരു സംഘടനയിലെ ചില വ്യക്തികളും തമ്മിലുള്ള തർക്കങ്ങൾ വനവകുപ്പിനും പ്രദേശവാസികൾക്കുമിടയിലെ സംഘർഷത്തിന് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്.

പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ മാമച്ചൻകുന്നിലെ ജണ്ട നീക്കം ചെയ്ത സ്ഥലവും സന്ദർശിച്ചിരുന്നു. വനവകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനത്തെക്കുറിച്ച് പ്രദേശവാസികൾക്കിടയിൽ വ്യാപക വിമർശനം ഉയരുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ഒരു ഉദ്യോഗസ്ഥൻ പ്രദേശത്തെ ഒരു കുടുംബവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ ആക്രോശത്തോടെ പെരുമാറിയെന്നും ഒരു കുട്ടിയുടെ സാന്നിധ്യത്തിൽ പോലും സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നുമുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

എന്നാൽ ഇത്തരം ആരോപണങ്ങളിൽ വനവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും വനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിമർശനം ശക്തമാണ്. അതേസമയം, പ്രചരിക്കുന്ന ആരോപണങ്ങൾക്കും വീഡിയോ ദൃശ്യങ്ങൾക്കും പിന്നിലെ മുഴുവൻ സാഹചര്യവും പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരൂ.

ടിജോ പി. ജോയിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ ആരോപണങ്ങൾ ശരിയാണോ, പരാതിയിൽ പറയുന്ന സംഭവവിവരങ്ങൾ വസ്തുതാപരമാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കപ്പെടേണ്ടതാണ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed