Last Updated on 08 Sep 2026 • 12:50 AM by Openzone Online

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടർ വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ള കാത്തിരിപ്പ് കാലാവധി 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ നഗര-ഗ്രാമ മേഖലകളിലെ ഉപഭോക്താക്കൾക്ക് ഒരുപോലെ പുതിയ സമയപരിധി ബാധകമാകും.
പെട്രോളിയം മന്ത്രാലയം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി മന്ത്രാലയം നൽകിയ കത്തിന്റെ പകർപ്പ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു.
എൽപിജി വിതരണത്തിൽ നേരിട്ട പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങളാണ് ഇപ്പോൾ പിൻവലിക്കുന്നത്. അന്ന് നഗരമേഖലയിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവും കഴിഞ്ഞ ശേഷമേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.
രാജ്യത്തെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതോടെ ഗ്രാമീണ മേഖലയിലുള്ള ഉപഭോക്താക്കൾക്കും ഇനി 25 ദിവസം കഴിഞ്ഞാൽ അടുത്ത ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്യാം.
ഇന്ത്യൻ ഓയിൽ കോർപറേഷൻ (IOCL), ഭാരത് പെട്രോളിയം കോർപറേഷൻ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (HPCL) എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളോട് തീരുമാനം അടിയന്തരമായി നടപ്പാക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

