Last Updated on 23 Sep 2026 • 3:06 AM by Openzone Online

Advertisement

ന്യൂഡൽഹി: കേരളത്തിൽ ‘ഓപ്പറേഷൻ തൂഫാൻ–ദി നാർക്കോ ഹണ്ട്’ വഴി ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനിടെ, സമാനമായ ആശയം ദേശീയതലത്തിൽ കൂടുതൽ വിപുലമായ രൂപത്തിൽ നടപ്പാക്കാൻ കേന്ദ്രസർക്കാരും.

2029 ഡിസംബർ 31-നകം രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ നിർണായക വിജയം കൈവരിക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുവച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആന്റി നാർക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് (ANTF) മേധാവികളുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് ലഹരി വിരുദ്ധ പോരാട്ടത്തിന് പുതിയ ദിശ നിർദേശിച്ചത്.

ജൂണിൽ നടന്ന NCORD-ന്റെ പത്താമത് ഉന്നതതല യോഗത്തിൽ പുറത്തിറക്കിയ വിഷൻ ഡോക്യുമെന്റ് 2026–2029 ആണ് ദേശീയതല പ്രവർത്തനങ്ങളുടെ പ്രധാന അടിസ്ഥാനം. ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അതിന് പിന്നിലുള്ള വിതരണ ശൃംഖല, സാമ്പത്തിക സ്രോതസുകൾ, അന്താരാഷ്ട്ര ബന്ധങ്ങൾ, ഉൽപ്പാദന കേന്ദ്രങ്ങൾ, കടത്തുപാതകൾ, ഉപയോഗ മേഖലകൾ എന്നിവ കണ്ടെത്തി തകർക്കുകയാണ് പുതിയ സമീപനം.

യോഗങ്ങളും റിപ്പോർട്ടുകളും മാത്രമായി അന്വേഷണം അവസാനിക്കരുതെന്നും, പിടിച്ചെടുക്കലിൽ നിന്ന് ശൃംഖലകളെ തകർക്കുന്നതിലേക്കും കേസ് രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് കുറ്റക്കാരെ ശിക്ഷിക്കുന്നതിലേക്കും അന്വേഷണ സംവിധാനങ്ങൾ മാറണമെന്നും അമിത് ഷാ നിർദേശിച്ചു. ലഹരി വിരുദ്ധ പോരാട്ടത്തിന്റെ തീവ്രത ഉദ്യോഗസ്ഥർ നേരിട്ട് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മയക്കുമരുന്നിന് അടിമയായ യുവാവിന്റെ കുടുംബം അനുഭവിക്കുന്ന ദുരിതം നേരിട്ട് കാണുമ്പോഴാണ് ഈ പോരാട്ടത്തിന്റെ യഥാർഥ ഗൗരവം മനസ്സിലാകുകയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭാവിതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഉത്തരവാദിത്വത്തിനപ്പുറമുള്ള ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.

“ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ഒരു ഗ്രാം മയക്കുമരുന്ന് പോലും ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കരുത് ഇന്ത്യയിൽ നിന്ന് ഒരു ഗ്രാം പോലും പുറത്തേക്ക് കടത്താനും അനുവദിക്കരുത്” എന്ന കർശന നിലപാടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി മുന്നോട്ടുവച്ചത്.

സിന്തറ്റിക് ഡ്രഗ്സ്, ഡാർക്ക് നെറ്റ്, ക്രിപ്റ്റോ കറൻസി ഇടപാടുകൾ, രഹസ്യ ഡെലിവറി സംവിധാനങ്ങൾ തുടങ്ങിയ ആധുനിക രീതികൾ ഉപയോഗിക്കുന്ന ലഹരി ശൃംഖലകൾക്കെതിരെ പ്രത്യേക അന്വേഷണ ശേഷി വികസിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. പരമ്പരാഗത പോലീസ് അന്വേഷണ രീതികൾക്കപ്പുറം സാങ്കേതികവിദ്യയും സാമ്പത്തിക അന്വേഷണവും ഉപയോഗിച്ച് ലഹരി ശൃംഖലകളുടെ മുകളിൽ എത്തണമെന്നാണ് നിർദേശം.

ലഹരിക്കച്ചവടത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകും. ലഹരി വ്യാപാരത്തിലൂടെ സമ്പാദിക്കുന്ന പണം, ബാങ്ക് അക്കൗണ്ടുകൾ, സംശയാസ്പദ ഇടപാടുകൾ, സ്വത്തുക്കൾ എന്നിവ കേന്ദ്രീകരിച്ച് സാമ്പത്തിക അന്വേഷണങ്ങൾ ശക്തമാക്കും. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് ലഹരി എത്തിക്കുന്ന പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളും ഊർജിതമാക്കും.

കേരളത്തിലെ തൂഫാനുമായി സാമ്യം ശ്രദ്ധേയംകേരളത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ–ദി നാർക്കോ ഹണ്ട്’ സംസ്ഥാനവ്യാപക നിയമനടപടിക്കൊപ്പം ജനപങ്കാളിത്തവും വകുപ്പുകളുടെ ഏകോപനവും ലക്ഷ്യമിടുന്ന പദ്ധതിയാണ്. പോലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശഭരണം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്.ലഹരി വിതരണക്കാരെയും വിൽപ്പനക്കാരെയും കണ്ടെത്തുന്നതിനൊപ്പം ബോധവൽക്കരണം, വിദ്യാർഥികളുടെ പങ്കാളിത്തം, കൗൺസലിങ്, പുനരധിവാസം തുടങ്ങിയ മേഖലകളിലേക്കും തൂഫാൻ വ്യാപിപ്പിച്ചിട്ടുണ്ട്. ‘തൂഫാൻ കെയർ’, ‘തൂഫാൻ വോറിയേഴ്സ്’ തുടങ്ങിയ പദ്ധതികളും ഇതിന്റെ ഭാഗമായി മുന്നോട്ടുപോകുന്നു. ഇപ്പോൾ കേന്ദ്രത്തിന്റെ ദേശീയ പദ്ധതിയിലും എൻഫോഴ്‌സ്‌മെന്റിനൊപ്പം ആവശ്യകത കുറയ്ക്കൽ, ബോധവൽക്കരണം, സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കൽ, പ്രാദേശികതല ഏകോപനം എന്നിവയ്ക്ക് പ്രാധാന്യം നൽകുകയാണ്.

അതുകൊണ്ടുതന്നെ കേരളത്തിലെ തൂഫാനും കേന്ദ്രത്തിന്റെ പുതിയ നാർക്കോ വിരുദ്ധ സമീപനവും ലക്ഷ്യങ്ങളിലും പ്രവർത്തനരീതിയിലും ചില ശ്രദ്ധേയമായ സാമ്യങ്ങൾ പ്രകടിപ്പിക്കുന്നു. സ്കൂൾ മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വരെലഹരി വിരുദ്ധ പോരാട്ടം പോലീസ്-കേന്ദ്രിത നടപടിയായി മാത്രം കാണാതെ സമൂഹത്തിന്റെ വിവിധ തലങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.

സ്കൂൾ പ്രിൻസിപ്പൽ മുതൽ പ്രാദേശിക ഉദ്യോഗസ്ഥർ, പോലീസ് സ്റ്റേഷൻ തലത്തിലെ ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടം, സംസ്ഥാന പോലീസ് നേതൃത്വം, ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ തലങ്ങൾ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ‘നശാമുക്ത് മിത്ര’ പദ്ധതിയിലൂടെ സന്നദ്ധ പ്രവർത്തകരുടെ ശൃംഖല വിപുലീകരിക്കാനും ലക്ഷ്യമിടുന്നു.

ഒരു ലക്ഷം സന്നദ്ധ പ്രവർത്തകരെ സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇവരുടെ സഹായത്തോടെ വിദ്യാലയങ്ങളിലും കോളേജുകളിലും ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തമാക്കുകയാണ് ഉദ്ദേശ്യം.കേരളത്തിൽ തൂഫാൻ സംസ്ഥാനതലത്തിൽ ലഹരി വിതരണ ശൃംഖലയെ ലക്ഷ്യമിടുമ്പോൾ, കേന്ദ്രത്തിന്റെ പുതിയ പദ്ധതി അതിനെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്.

അതിർത്തി കടന്നുള്ള കടത്ത്, സിന്തറ്റിക് ലഹരി, ഡാർക്ക് നെറ്റ്, ക്രിപ്റ്റോ ഇടപാടുകൾ, സാമ്പത്തിക ശൃംഖലകൾ എന്നിവയെ ഒരുമിച്ച് ലക്ഷ്യമിടുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ ‘വിഷൻ 2026–2029’ മുന്നോട്ടുപോകുന്നത്. കേരളത്തിൽ തൂഫാൻ ഉയർത്തിയ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ശബ്ദം ദേശീയതലത്തിലും കൂടുതൽ ശക്തമാകുകയാണ്. ലക്ഷ്യം ഒന്ന് — ലഹരി ശൃംഖലയുടെ അടിത്തറ കണ്ടെത്തി തകർക്കുക, യുവതലമുറയെ അതിന്റെ പിടിയിൽ നിന്ന് മാറ്റിനിർത്തുക.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed