Last Updated on 28 Oct 2026 • 10:42 AM by Openzone Online

മൂന്നാർ: നീലക്കുറിഞ്ഞി പൂത്തുലഞ്ഞ മീശപ്പുലിമലയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് വനംവകുപ്പ്. കുറിഞ്ഞി ആപ്പ് വഴിയോ www.kfdcecotourism.com എന്ന വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
പ്രതിദിനം പരമാവധി 750 സഞ്ചാരികൾക്കാണ് പ്രവേശനം നൽകുകയെന്ന് അധികൃതർ അറിയിച്ചു. മൂന്നാർ സൈലന്റ് വാലി റോഡിലെ കോർപറേഷൻ ഓഫീസിൽനിന്ന് ഏകദേശം 28 കിലോമീറ്റർ അകലെയാണ് മീശപ്പുലിമല. സഞ്ചാരികൾക്ക് ഇവിടെ എത്തുന്നതിനായി വനംവകുപ്പ് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ജിഎസ്ടി ഉൾപ്പെടെ ഒരാൾക്ക് 1,475 രൂപയാണ് യാത്രാനിരക്ക്. രാവിലെ ആറുമണി മുതൽ പ്രവേശനം അനുവദിക്കും.

പ്രകൃതിയുടെ മടിത്തട്ടിൽ താമസിച്ച് മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാൻ ടെന്റ് സ്റ്റേ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 60 പേർക്ക് താമസിക്കാവുന്ന ടെന്റുകളിൽ സ്ലീപ്പിങ് ബാഗുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. മൂന്ന് നേരത്തെ ഭക്ഷണം ഉൾപ്പെടുന്ന പ്രത്യേക ഇക്കോ ടൂറിസം പാക്കേജിൽ ഒരാൾക്ക് 4,500 രൂപയാണ് നിരക്ക്.
റോഡോ മാൻഷനിൽ 18 പേർക്ക് താമസിക്കാനുള്ള സൗകര്യവും ലഭ്യമാണ്.ഏഴ് കിലോമീറ്റർ ഓഫ്റോഡ് യാത്ര ഉൾപ്പെടുന്ന ട്രക്കിങ്ങാണ് മീശപ്പുലിമലയിലെ പ്രധാന ആകർഷണം. യാത്രാമധ്യേ വിവിധ ഭാഗങ്ങളിൽ നീലക്കുറിഞ്ഞി പൂക്കളുടെ മനോഹരമായ കാഴ്ചകൾ സഞ്ചാരികളെ കാത്തിരിക്കുന്നു.
സമുദ്രനിരപ്പിൽനിന്ന് 2,640 മീറ്റർ ഉയരത്തിലുള്ള മീശപ്പുലിമലയുടെ കൊടുമുടിയിലേക്കുള്ള ട്രക്കിങ് സാഹസികതയും പ്രകൃതിഭംഗിയും ഒരുപോലെ സമ്മാനിക്കുന്നതാണ്. വരയാടുകളെ കാണാനും സൂര്യോദയത്തിന്റെ മനോഹാരിത ആസ്വദിക്കാനും അവസരമുണ്ട്. ഇതോടൊപ്പം നീലക്കുറിഞ്ഞി വസന്തം കൂടി എത്തിയതോടെ സഞ്ചാരികളുടെ ആകർഷണകേന്ദ്രമായി മീശപ്പുലിമല മാറിയിരിക്കുകയാണ്.
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി സംരക്ഷിത സസ്യങ്ങളിൽ ഒന്നാണ്. പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ശിക്ഷാർഹമാണ്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി. സഞ്ചാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾവനംവകുപ്പ് നിർദേശിക്കുന്ന പാതയിലൂടെ മാത്രമേ യാത്ര നടത്താവൂ.
പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്ക് പ്രദേശത്ത് നിരോധനമുണ്ട്. വരയാടുകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെയും അപൂർവയിനം തവളകളെയും മറ്റ് ജീവികളെയും തൊടുകയോ തീറ്റ നൽകുകയോ ചെയ്യരുത്. പ്രകൃതിയുടെ സന്തുലിതാവസ്ഥയും വന്യജീവികളുടെ സുരക്ഷയും ഉറപ്പാക്കാൻ സഞ്ചാരികൾ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചു.

