Last Updated on 15 Jul 2026 • 7:00 AM by Openzone Online

ന്യൂഡൽഹി:ലോക വ്യോമസേനകളുടെ ശേഷി വിലയിരുത്തുന്ന വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) 2026 റിപ്പോർട്ടിൽ ഇന്ത്യൻ വ്യോമസേന (IAF) ആറാം സ്ഥാനത്തെത്തി. 69.4 എന്ന ട്രൂ വാല്യൂ റേറ്റിംഗ് (TvR) സ്കോറോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതേ റിപ്പോർട്ടിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സ് (PLAAF) ഏഴാം സ്ഥാനത്തും പാകിസ്ഥാൻ വ്യോമസേന (PAF) 18-ാം സ്ഥാനത്തുമാണ്.
വിമാനങ്ങളുടെ എണ്ണം മാത്രം അടിസ്ഥാനമാക്കാതെയാണ് WDMMA റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. സേനയുടെ ആധുനികവത്കരണം, വ്യോമസേനയുടെ സന്തുലിത ഘടന, യുദ്ധസന്നദ്ധത, ആക്രമണ-പ്രതിരോധ ശേഷി, ലോജിസ്റ്റിക് പിന്തുണ, പരിശീലന സൗകര്യങ്ങൾ, ആഭ്യന്തര വ്യോമയാന-പ്രതിരോധ വ്യവസായത്തിന്റെ കരുത്ത് തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തി ‘ട്രൂ വാല്യൂ റേറ്റിംഗ്’ (TvR) എന്ന മാനദണ്ഡം ഉപയോഗിച്ചാണ് വിലയിരുത്തൽ. ആഗോള പട്ടികയിൽ അമേരിക്കൻ എയർഫോഴ്സാണ് ഒന്നാം സ്ഥാനത്ത്. അമേരിക്കൻ നേവി, റഷ്യൻ എയർഫോഴ്സ്, അമേരിക്കൻ ആർമി, അമേരിക്കൻ മറൈൻ കോർപ്സ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

