Last Updated on 22 Oct 2026 • 5:29 AM by Openzone Online

തിരുവനന്തപുരം: കോവളത്തെ സ്പാകളുമായി ബന്ധപ്പെട്ട് 16കാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി). പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന സ്പാകളിൽ എത്തിയവരെ കണ്ടെത്താൻ സന്ദർശകരുടെ പട്ടിക തയ്യാറാക്കുകയാണ് പോലീസ്.
കഴിഞ്ഞ മൂന്നര മാസത്തിനിടെ സ്പാകളിലെത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുന്ന അന്വേഷണസംഘം, പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ കൂടുതൽ പേർ അറസ്റ്റിലായതോടെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.
പെൺകുട്ടി ഒരു ദിവസം തന്നെ 15ഓളം പേരുടെ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പോലീസിന് നൽകിയ മൊഴിയിലുള്ളത്. തുടർച്ചയായ പീഡനത്തെത്തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായെന്നും പീഡനത്തിന് വഴങ്ങാതിരുന്നപ്പോൾ മാതൃസഹോദരി പൊള്ളലേൽപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിനായി ആളെ നിയോഗിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. പെൺകുട്ടിയുടെ മൊഴിയിലെ ഈ വിവരങ്ങൾ സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. അച്ഛനും അമ്മയും മരിച്ചതിനെത്തുടർന്ന് ജോലി തേടിയെത്തിയതാണെന്ന് പറഞ്ഞാണ് അമ്മയുടെ സഹോദരിയും ഇവരുടെ ആൺസുഹൃത്തും ചേർന്ന് പെൺകുട്ടിയെ ഒരു വർഷം മുമ്പ് കോവളത്തെത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ബെംഗളൂരുവിലുള്ള ഒരു യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്തെത്തിച്ചതെന്നും അന്വേഷണസംഘം സംശയിക്കുന്നു. സംഭവത്തിൽ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൽ അഞ്ചാം പ്രതിയായി അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ (37) കോർപ്പറേഷൻ സെക്രട്ടറി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. അനുരൂപിന്റെ ബിനാമിയുടെ പേരിലാണ് സ്പാ നടത്തിയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സ്പായുടെ വരുമാനം അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഇയാൾക്ക് മറ്റ് രണ്ട് സ്പാകളുടെ കൂടി ഉടമസ്ഥതയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.സ്പാ ഉടമകളായ നിഷാന്ത് (46), സജിത്ത് കുമാർ (47), പെൺകുട്ടിയുടെ മാതൃസഹോദരി, ഇവരുടെ ഭർത്താവ് എന്നിവരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കോവളത്തെ ഡ്രീംസ് സ്പായിലും ചപ്പാത്ത് മേഖലയിലെ മറ്റ് സ്പാകളിലും എത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസിന്റെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് കോവളം മേഖലയിലെ 60ലധികം സ്പാകളിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. ആവശ്യമായ രേഖകളോ നിയമപരമായ മാനദണ്ഡങ്ങളോ പാലിക്കാത്ത 16 സ്പാകൾ അടച്ചുപൂട്ടിയതായി കോവളം സി.ഐ. വി.എം. ശ്രീകുമാർ അറിയിച്ചു. പെൺകുട്ടി പീഡനത്തിനിരയായെന്ന് പറയുന്ന സ്പാകളുടെ പുറത്തും റിസപ്ഷനുകളിലും സി.സി.ടി.വി. ക്യാമറകൾ ഇല്ലായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സമീപപ്രദേശങ്ങളിലെ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്പാകളുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകൾ, ഇടപാടുകാരെ എത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്ക്, പ്രതികളുടെ ഫോൺ രേഖകൾ എന്നിവയും പരിശോധിച്ചുവരികയാണ്. പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം.സ്പാകളിലെത്തിയവരുടെ പട്ടിക തയ്യാറാക്കുന്ന പോലീസ്, പെൺകുട്ടിയുടെ തിരിച്ചറിയൽ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ഒരുങ്ങുന്നത്. കേസിൽ ആരുടെയൊക്കെ പങ്കാളിത്തമുണ്ടെന്നതും മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും തുടർ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

