Last Updated on 28 Oct 2026 • 2:39 AM by Openzone Online

Advertisement

തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ തേക്കമ്പട്ടി സബ് ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ 13 പേരെ പൊലീസ് വീണ്ടും പിടികൂടി. ശേഷിക്കുന്ന നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ടവരെ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണം നിർണായകമായി.

കാട്ടിൽ ഒളിച്ചിരുന്ന തടവുകാർ ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതോടെ ഓടിമാറാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബർ 26 തിങ്കളാഴ്ച രാത്രിയായിരുന്നു നാടകീയമായ ജയിൽചാട്ടം. ജയിലിനുള്ളിൽ ഒരാൾക്ക് അപസ്മാരം ബാധിച്ചതായി നടിച്ച് ബഹളം സൃഷ്ടിച്ചാണ് തടവുകാർ രക്ഷപ്പെടാനുള്ള നീക്കം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സഹായിക്കാനായി എത്തിയ ജയിൽ ജീവനക്കാരെ ആക്രമിച്ച പ്രതികൾ താക്കോൽ കൈക്കലാക്കി പ്രധാന കവാടം തുറന്ന് പുറത്തുകടക്കുകയായിരുന്നു. സംഭവത്തിൽ ജയിൽ ജീവനക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിനു പിന്നാലെ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ജയിലിനു സമീപമുള്ള റോഡുകളിലും കുറ്റിക്കാടുകളിലും വനമേഖലകളിലും പരിശോധന നടത്തി. റോഡിലൂടെ നടന്നുപോയവരെയും ഓട്ടോറിക്ഷയിൽ കയറാൻ ശ്രമിച്ച ഒരാളെയും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് ഡ്രോണുകളുടെ സഹായത്തോടെ തേനി വനമേഖലയിൽ ഒളിച്ചിരുന്ന എട്ടുപേരെക്കൂടി കണ്ടെത്തി പിടികൂടിയതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

ജയിൽ സുരക്ഷയിലുണ്ടായ വീഴ്ചയെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രധാന വാർഡൻ ഉൾപ്പെടെ ഒൻപത് ജയിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജയിൽചാട്ടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണവും ആരംഭിച്ചു.രക്ഷപ്പെട്ടവരിൽ നാലുപേർ കൂടി പിടിയിലാകാനുണ്ടെന്നതാണ് നിലവിലെ വിവരം. അവരെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. സംഭവത്തെത്തുടർന്ന് സംസ്ഥാനാന്തര അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *