Last Updated on 28 Oct 2026 • 3:46 AM by Openzone Online

കൊച്ചി: കേരളത്തെ പിടിച്ചുകുലുക്കിയ ചേരാനല്ലൂർ വാഹനാപകടക്കേസിൽ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ നടപടികൾ കടുപ്പിക്കുന്നു. ജഡ്ജിയെ ഇന്ന് സസ്‌പെൻഡ് ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
അതേസമയം, ആലുവയിലെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് നടത്തിയ ഏഴു മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനായുള്ള അന്വേഷണത്തിലാണ് നിർണായക നീക്കങ്ങൾ.
ജഡ്ജിയുടെ 17 വയസ്സുള്ള മകനാണ് അപകടസമയത്ത് വാഹനം ഓടിച്ചതെന്നാണ് ആരോപണം. പ്രായപൂർത്തിയാകാത്ത മകന് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര ബൈക്ക് വാങ്ങിനൽകിയത് ആരാണെന്നും അപകടത്തിനുശേഷം വാഹനം ഒളിപ്പിച്ചിരുന്നോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരുടെയും മറ്റ് ജോലിക്കാരുടെയും മൊഴികളും രേഖപ്പെടുത്തി. അപകടക്കേസുമായി ബന്ധപ്പെട്ട് ജഡ്ജി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തിയതും ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവും വിവാദം ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ പോർട്ട്‌ഫോളിയോ ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകിയതായാണ് വിവരം. അപകടത്തിനുശേഷം പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചതും ദൃക്‌സാക്ഷികൾ പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന ആരോപണവും പോലീസിനെതിരെ വിമർശനത്തിനിടയാക്കിയിരുന്നു. കുടുംബവും നാട്ടുകാരും നടത്തിയ പ്രതിഷേധങ്ങൾക്കു പിന്നാലെയാണ് അന്വേഷണം കൂടുതൽ ശക്തമായത്.
ജഡ്ജിക്കെതിരായ തുടർനടപടികളിൽ ഹൈക്കോടതിയുടെ തീരുമാനം നിർണായകമാകും. സസ്‌പെൻഷൻ സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തുവന്നിട്ടില്ല.

